എസിസി എക്സില്‍ പോസ്റ്റ് ചെയ്ത അന്‍ഷുമാന്‍ ഗേയ്‌ക്‌വാദിന്‍റെ ചിത്രം 
NEWSROOM

കപില്‍ ദേവിന്‍റെ അഭ്യര്‍ത്ഥന ഫലം കണ്ടു; മുന്‍ ഇന്ത്യന്‍ താരം അന്‍ഷുമാന്‍ ഗേയ്‌ക്‌വാദിന്‍റെ ചികിത്സയ്ക്കായി ഒരു കോടി രൂപ അനുവദിച്ച് ബിസിസിഐ

അന്‍ഷുമാന്‍ ഗേയ്‌ക്‌വാദിന്‍റെ സ്ഥിതിഗതികള്‍ വിലയിരുത്താനും പിന്തുണ നല്‍കാനും ജയ് ഷാ അദ്ദേഹത്തിന്‍റെ കുടുംബവുമായി സംസാരിച്ചിരുന്നതായി പ്രസ്താവനയില്‍ പറയുന്നു

Author : ന്യൂസ് ഡെസ്ക്

ലണ്ടനിലെ കിങ്സ് കോളേജ് ആശുപത്രിയില്‍ രക്താര്‍ബുദത്തിന് ചികിത്സയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ കോച്ച് അന്‍ഷുമാന്‍ ഗേയ്‌ക്‌വാദിന്‍റെ ചികിത്സയ്ക്കായി ഒരു കോടി രൂപ അനുവദിക്കാന്‍ ബിസിസിഐ ഞായറാഴ്ച തീരുമാനിച്ചു. ബിസിസിഐ ഗേയ്‌ക്‌വാദിനെ സഹായിക്കണമെന്ന മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്‍റെയും സന്ദീപ് പാട്ടീലിന്‍റെയും വൈകാരിക അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു തീരുമാനം.

"ക്യാന്‍സറുമായി പോരാടുന്ന ഇന്ത്യയുടെ മുതിര്‍ന്ന ക്രിക്കറ്റ് താരം അന്‍ഷുമാന്‍ ഗേയ്‌ക്‌വാദിനെ സാമ്പത്തികമായി സഹായിക്കാന്‍ ഒരു കോടി രൂപ അനുവദിക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) ജയ് ഷാ നിര്‍ദേശം നല്‍കി", ബിസിസിഐ ഉന്നത കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അന്‍ഷുമാന്‍ ഗേയ്‌ക്‌വാദിന്‍റെ സ്ഥിതിഗതികള്‍ വിലയിരുത്താനും പിന്തുണ നല്‍കാനും ജയ് ഷാ അദ്ദേഹത്തിന്‍റെ കുടുംബവുമായി സംസാരിച്ചിരുന്നതായി പ്രസ്താവനയില്‍ പറയുന്നു. ഗേയ‌്‌ക്‌വാദിന്‍റെ ആരോഗ്യ പുരോഗതി ബിസിസിഐ തുടര്‍ന്നും നിരീക്ഷിക്കുമെന്നും അദ്ദേഹം ഈ അവസ്ഥയില്‍ നിന്നും ആരോഗ്യവാനായി പുറത്തുവരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

1975-87 കാലഘട്ടത്തില്‍ ഗേയ്‌ക്‌വാദ് ഇന്ത്യക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. രണ്ട് വ്യത്യസ്ത കാലത്ത് ഗേയ്‌ക്‌വാദ് ഇന്ത്യയുടെ കോച്ചായും പ്രവര്‍ത്തിച്ചിരുന്നു.

SCROLL FOR NEXT