ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന്റെ മർദനത്തനിരയായ തടവുകാരിയെ ജയിൽ മാറ്റി. നൈജീരിയൻ പൗര ജൂലിയെയാണ് കണ്ണൂർ വനിതാ ജയിലിൽ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റിയത്. സഹതടവുകാരിയെ ആക്രമിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് സഹതടവുകാരിയെ മർദിച്ച സംഭവത്തിൽ കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ പൊലീസ് കേസെടുത്തത്. കണ്ണൂർ വനിതാ ജയിലിൽ സഹ തടവുകാരിയെ മർദിച്ചതിനാണ് ടൗൺ പൊലീസ് കേസെടുത്തത്. നല്ല നടപ്പ് ചൂണ്ടിക്കാട്ടി ഷെറിന് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹ തടവുകാരിയായ വിദേശ വനിതയെ മർദിച്ചതിന് ഷെറിനെതിരെ കേസെടുത്തത്.
കഴിഞ്ഞ ദിവസം വെള്ളമെടുക്കാന്‍ പോകുന്നതിനിടെ യാതൊരു വിധ പ്രകോപനവും കൂടാതെ ഷെറിന്‍ പരാതിക്കാരിയെ മര്‍ദിച്ചെന്നും പിടിച്ചുതള്ളിയെന്നുമാണ് എഫ്‌ഐആർ. ഷെറിനാണ് കേസില്‍ ഒന്നാം പ്രതി. തടവിൽ കഴിയുന്ന മറ്റൊരു സ്ത്രീയെക്കൂടി സംഭവത്തില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
ഷെറിൻ്റെ ശിക്ഷായിളവിനായി ജയില്‍ ഉപദേശസമിതി ശുപാര്‍ശ ചെയ്തതും ഇതിന് സർക്കാർ അനുമതി നൽകിയതും വലിയ ചർച്ചയായിരുന്നു. ജയിലിലെ നല്ല നടപ്പ് കണക്കിലെടുത്താണ് ശിക്ഷാ ഇളവിന് പരിഗണിച്ചതെന്നായിരുന്നു വനിതാ ജയിൽ ഉപദേശക സമിതി അംഗം എം.വി. സരളയുടെ പക്ഷം. ഇതിന് പിന്നാലെ ഷെറിന് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നെ ആരോപണങ്ങളും ഉയർന്നിരുന്നു.
2009 നവംബർ ഏഴിനാണ് ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്ക്കരക്കാരണവരെ ഇളയമകൻ ബിനു പീറ്ററിന്റെ ഭാര്യ ഷെറിൻ കൊലപ്പെടുത്തിയത്. 2001ലാണ് ഇവർ വിവാഹിതരായത്. ഷെറിനെ സ്വത്തുകളുടെ ഉടമസ്ഥാവകാശത്തിൽ നിന്നും ഒഴിവാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഷെറിനും സുഹൃത്ത് ബാസിത് അലിയും സുഹൃത്തുക്കളായ ഷാനു റഷീദ്, നിഥിൻ എന്നിവരും ചേർന്നാണ് കൊലപാതകം നടത്തിയത്. ഷെറിനാണ് കേസിൽ ഒന്നാം പ്രതി. ബാസിത് രണ്ടാം പ്രതിയും. സാമൂഹിക മാധ്യമമായ ഓർക്കുട്ട് വഴിയാണ് ഷെറിൻ ഇയാളുമായുള്ള സൗഹൃദം സ്ഥാപിച്ചത്.