NEWSROOM

പൊലീസ് ചമഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ അധ്യാപകനായ പാസ്റ്റർ അറസ്റ്റിൽ

പെരുംതൊട്ടി ചക്കാലക്കൽ സണ്ണി എന്ന് വിളിപ്പേരുള്ള ജോൺസനെ കട്ടപ്പന പൊലീസാണ് അറസ്റ്റ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്


ഇടുക്കി കട്ടപ്പനയിൽ പൊലീസ് ചമഞ്ഞ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കരാട്ടെ അധ്യാപകനായ പാസ്റ്റർ അറസ്റ്റിൽ. പെരുംതൊട്ടി ചക്കാലക്കൽ ജോൺസൺ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.

കട്ടപ്പന സിഐ എന്ന വ്യാജേന കട്ടപ്പനയിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കരാട്ടെ അധ്യാപകനും പാസ്റ്ററുമായ പെരുംതൊട്ടി ചക്കാലക്കൽ സണ്ണി എന്ന് വിളിപ്പേരുള്ള ജോൺസനെ കട്ടപ്പന പൊലീസാണ് അറസ്റ്റ് ചെയ്തത്.

പ്രതി ഹൈറേഞ്ചിൽ വിവിധ സ്‌കൂളുകളിൽ കരാട്ടെ ക്ലാസ് എടുത്തിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായെത്തി കരാട്ടെ ക്യാമ്പിന്റെ പേരിൽ കട്ടപ്പന നഗരത്തിലെ ലോഡ്‌ജിൽ മുറി എടുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കട്ടപ്പന സിഐ ആണെന്ന് ലോഡ്‌ജ്‌ നടത്തിപ്പുകാരെ പരിചയപ്പെടുത്തിയാണ് റൂമെടുത്തത്.

സംശയം തോന്നിയ ലോഡ്‌ജ് ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തിയപ്പോൾ കൂടെയുള്ളത് മകളാണെന്ന് പറഞ്ഞ് പ്രതി ഒഴിയാൻ ശ്രമിച്ചെങ്കിലും ചോദ്യം ചെയ്യലിൽ മകളല്ലെന്ന് പൊലീസിന് മനസിലായി. തുടർന്നാണ് പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തത്.

SCROLL FOR NEXT