വർധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് കർണാടക സർക്കാർ പുതിയ സൈബർ സുരക്ഷാ നയം അവതരിപ്പിച്ചു. സംസ്ഥാനത്തിൻ്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സംരക്ഷിക്കുന്നതിനായുള്ള അവബോധം സൃഷ്ടിക്കൽ, നൈപുണ്യ വികസനം, പൊതു-സ്വകാര്യ പങ്കാളിത്തം, സാങ്കേതിക സംയോജനം എന്നിവ പ്രോത്സാഹിപ്പിക്കൽ എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സമഗ്രമായ സൈബർ സുരക്ഷാ നയം അവതരിപ്പിച്ചത്.
വിദ്യാഭ്യാസം, നൈപുണ്യ വികസനം, വ്യവസായത്തിൻ്റെയും സ്റ്റാർട്ടപ്പുകളുടെയും പ്രോത്സാഹനം, ശേഷി വർധിപ്പിക്കുന്നതിനുള്ള പങ്കാളിത്തം, സഹകരണം തുടങ്ങി നിരവധി പ്രധാന മേഖലകളിൽ നയം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു.
സൈബർ സുരക്ഷയുടെ വർധിച്ചു വരുന്ന പ്രാധാന്യം തിരിച്ചറിയുകയും നമ്മുടെ പൗരന്മാർക്കും സംരംഭങ്ങൾക്കും സുസ്ഥിരവും സുരക്ഷിതവുമായ സൈബർ ഇടം സ്ഥാപിക്കുന്നതിനാണ് ഈ നയം സൂക്ഷ്മമായി രൂപപ്പെടുത്തിയതെന്ന് ഗ്രാമവികസന, പഞ്ചായത്ത് രാജ്, ഇൻഫർമേഷൻ ടെക്നോളജി, ബയോടെക്നോളജി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. ദേശീയ അന്തർദേശീയ ശ്രമങ്ങളുമായി യോജിപ്പിച്ച നയം, സൈബർ ഭീഷണികളെ അഭിമുഖീകരിക്കുന്നതിൽ സജീവമായ നിലപാട് കാണിക്കുന്നതായി അദ്ദേഹം ഊന്നിപ്പറഞ്ഞു.
പൊതുകാര്യങ്ങൾ, അക്കാദമിക് രംഗം, വ്യവസായം, സ്റ്റാർട്ടപ്പുകൾ, എന്നിവയുൾപ്പെടെ സമൂഹത്തിൻ്റെ എല്ലാ വിഭാഗങ്ങളിലും ശക്തമായ സൈബർ സുരക്ഷാ കെട്ടിപ്പടുക്കുന്നതിനും ആദ്യ ഭാഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നയത്തിൻ്റെ രണ്ടാം ഭാഗം സംസ്ഥാനത്തിൻ്റെ ഐടി ആസ്തികളുടെ സൈബർ സുരക്ഷാ നില ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.