ബന്ദിപ്പൂർ യാത്രാ നിരോധന കേസിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാനൊരുങ്ങി കർണാടക സർക്കാർ. കഴിഞ്ഞ ദിവസം നൽകിയ സത്യവാങ്മൂലത്തിൽ സാങ്കേതിക തെറ്റുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ സത്യവാങ്മൂലം സമർപ്പിക്കാനൊരുങ്ങുന്നത്.
മാർച്ച് 21 ന് നൽകിയ സത്യവാങ്മൂലത്തിലാണ് സാങ്കേതികമായി ചില തെറ്റുകൾ കണ്ടെത്തിയത്. തുടർന്ന് ഇത് ചൂണ്ടിക്കാട്ടി സുപ്രിം കോടതി രജിസ്ട്രാർക്ക് കത്ത് നൽകി. ദേശീയ പാത 766ന് പകരം നാഗർഹോൾ വന്യജീവി സങ്കേതത്തിന് സമീപത്തിലുള്ള കുട്ട - മാനന്തവാടി റോഡ് നവീകരിക്കാമെന്നായിരുന്നു സത്യവാങ്മൂലത്തിൽ ഉള്ളത്. ഈ റോഡ് പൂർണതോതിൽ നവീകരിക്കുമ്പോൾ ദേശീയ പാത 766 പൂർണമായും അടച്ചിടാമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇതിനെതിരെ കേരളം ഉൾപ്പെടെ രംഗത്ത് വന്ന സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്.