NEWSROOM

ഷിരൂരിൽ ഇന്ന് നിര്‍ണായക തെരച്ചില്‍; നേവി മാര്‍ക്ക് ചെയ്ത ഭാഗത്ത് ആഴത്തില്‍ മണ്ണ് നീക്കിയുള്ള പരിശോധന

പ്രദേശത്ത് മഴ വില്ലനാണെങ്കിലും തെരച്ചിൽ തുടരാനാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം

Author : ന്യൂസ് ഡെസ്ക്

ഷിരൂരിൽ ഇന്ന് നിർണ്ണായക തെരച്ചിൽ. സിഗ്നലിൻ്റെ അടിസ്ഥാനത്തിൽ നാവിക സേന മാർക്ക് ചെയ്ത സ്ഥലത്താണ് ഇന്ന് മണ്ണു നീക്കിയുള്ള പരിശോധന നടക്കുക. എന്നാൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത് ഭീഷണിയായി തുടരുകയാണ്. 

CP4 മേഖല കേന്ദ്രീകരിച്ചാകും ഇന്നത്തെ തെരച്ചിൽ നടക്കുക. നേവി മാർക്ക് ചെയ്ത ഈ ഭാഗത്ത് പുഴയിൽ മണൽതിട്ടകൾ രൂപപ്പെട്ടതിനാൽ ഡ്രഡ്ജറിന് ഈ ഭാഗത്തേക്ക് എത്താനായിരുന്നില്ല. നേരത്തെ ഈശ്വർ മാൽപ്പെ ഉൾപ്പെടെയുള്ള മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയിലാണ് ലോഹഭാഗങ്ങളും കയറുൾപ്പെടെയുള്ളവ കണ്ടെത്തിയത്. ജി പി എസ് സിഗ്നലിൽ ഏറ്റവും കൂടുതൽ ലോഹ സാന്നിധ്യം കണ്ടെത്തിയതും ഈ ഭാഗത്താണ്. അതിനാൽ ആഴത്തിൽ മണ്ണ് നീക്കിയുള്ള പരിശോധനയാകും ഇന്ന് നടക്കുക.

അഞ്ച് മീറ്ററോളം മണ്ണ് നീക്കണമെന്നാണ് മുങ്ങൽ വിദഗ്ധരുടെ ആവശ്യം. എന്നാൽ നിലവിൽ ഡ്രഡ്ജറിലെ ജെസിബിക്ക് ഇത്രത്തോളം ആഴത്തിൽ മണ്ണെടുക്കാനാകില്ല. ഒപ്പം പല ഭാഗങ്ങളിലും വലിയ പാറക്കല്ലുകളുമുണ്ട്. ഇവ നീക്കം ചെയ്യുക എന്നതും വെല്ലുവിളിയാണ്. ആദ്യ പരിശോധനയിൽ അർജുൻ്റെ വാഹനത്തിൻ്റെ ഏതെങ്കിലും ഭാഗങ്ങൾ ലഭിക്കുകയാണെങ്കിൽ ബൂം ഉൾപ്പെടെയുള്ളവ വീണ്ടും എത്തിച്ചേക്കും. പ്രദേശത്ത് മഴ വില്ലനാണെങ്കിലും തെരച്ചിൽ തുടരാനാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം.

SCROLL FOR NEXT