NEWSROOM

ഭർത്താവ് പള്ളിയിൽ പരാതി പറഞ്ഞു; ഭാര്യക്ക് നേരെ അക്രമം അഴിച്ചുവിട്ട് ആറംഗസംഘം, ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ അറസ്റ്റ്

ഷബീന ബാനുവിന് നേരെ പള്ളിക്ക് പുറത്ത് നടന്ന ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്

Author : ന്യൂസ് ഡെസ്ക്

കർണാടകയിലെ ദേവനഗിരിയിൽ ഭർത്താവ് പള്ളിയിൽ പരാതി പറഞ്ഞതിന് പിന്നാലെ ഭാര്യയ്ക്ക് ആൾക്കൂട്ട വിചാരണ. കഴിഞ്ഞ ആഴ്ച 38കാരിയായ യുവതി ആക്രമണം നേരിട്ടത്. പള്ളിക്ക് പുറത്ത് വെച്ച് ഷബീന ബാനുവിന് നേരെ നടന്ന ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്. ദാമ്പത്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഭർത്താവ് അടുത്തുള്ള പള്ളിയിൽ പോയി ഭാര്യക്കെതിരെ പരാതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ  നിയമവിരുദ്ധമായി ആൾക്കൂട്ടവിചാരണയ്ക്ക് വിധേയയാക്കിയത്.

ഏപ്രിൽ ഏഴിന് ഷബീന ബാനു വീട്ടിലെത്തിയ ബന്ധുവായ നസ്രീനും സുഹൃത്ത് ഫയാസിനുമൊപ്പം പുറത്ത് പോയിരുന്നു. തുടർന്ന് ഷബീനയുടെ ഭർത്താവ് ജമീൽ അഹ്മദ് വീട്ടിലെത്തിയപ്പോൾ നസ്രീനെയും ഫയാസിനെയും വീട്ടിൽ കണ്ടു. ഇതേ തുടർന്നുള്ള പ്രകോപനം കൊണ്ടാണ് ജമീൽ അഹ്മദ് ബെംഗളൂരുവിലെ അടുത്തുള്ള പള്ളിയിൽ ചെന്ന് ഭാര്യക്കും ബന്ധുവിനും സുഹൃത്തിനുമെതിരെ പരാതി പറഞ്ഞത്.

തുടർന്ന് രണ്ട് ദിവസത്തിന് ശേഷം, ഏപ്രിൽ 9ന് ഇവരെ മൂന്ന് പേരെയും പള്ളിയിലേക്ക് വിളിപ്പിച്ചു. പള്ളിയിലെത്തിയതോടെ ആറ് പേർ ചെർന്ന് ഷബീനയ്ക്ക് നേരെ ശാരീരിക അതിക്രമം അഴിച്ചുവിടുകയായിരുന്നു. ഷബീനയെ ഇവർ വടികളും പൈപ്പുകളും ഉപയോഗിച്ചാണ് ആക്രമിച്ചത്. ആക്രമത്തെ തുടർന്ന് ഇവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെ യുവതിക്കെതിരെ ആക്രമം അഴിച്ചുവിട്ട ആറ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് നിയാസ് (32), മുഹമ്മദ് ഗൗസ്പീർ (45), ചാന്ദ് ബാഷ (35), ദസ്തഗീർ (24), റസൂൽ ടി.ആർ (42) എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഇവർക്കെതിരെ ഗൂഢാലോചന, ആക്രമണം, കൊലപാതക ആസൂത്രണം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

SCROLL FOR NEXT