NEWSROOM

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: സിപിഎം നേതാവ് പി.ആർ. അരവിന്ദാക്ഷനും മുൻ അക്കൗണ്ടന്‍റിനും ജാമ്യം

ജാമ്യം നിഷേധിക്കേണ്ട സാഹചര്യം ഇനിയില്ല എന്നും, കേസില്‍ വിചാരണ വൈകുമെന്നതും കണക്കിലെടുത്താണ് ഹൈക്കോടതി നടപടി

Author : ന്യൂസ് ഡെസ്ക്

തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ സിപിഎം നേതാവ് പി. ആർ. അരവിന്ദാക്ഷനും, മുൻ അക്കൗണ്ടന്‍റ് ജിൽസിനും ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇഡി രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. ജസ്റിസ് സി. എസ്. ഡയസാണ് ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യം നിഷേധിക്കേണ്ട സാഹചര്യം ഇനിയില്ല എന്നും, കേസില്‍ വിചാരണ വൈകുമെന്നതും കണക്കിലെടുത്താണ് ഹൈക്കോടതി നടപടി.


ഒരു വർഷത്തിൽ അധികമായി ഇരുവരും റിമാൻഡിൽ ആയിരുന്നു. വടക്കാഞ്ചേരി നഗരസഭാംഗമായ അരവിന്ദാക്ഷൻ ഒരു വ‍ർഷത്തിലേറെയായി ജയിലിലാണ്. അടുത്ത ബന്ധുവിന്‍റെ ചടങ്ങിൽ പങ്കെടുക്കാൻ പത്ത് ദിവസത്തേക്ക് ഇടയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.


കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ തൃശൂര്‍ കോലഴി സ്വദേശി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തായ അരവിന്ദാക്ഷന്‍ പണം ഇടപാടിലെ ഇടനിലക്കാരനാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. തൃശൂര്‍ പാര്‍ളിക്കാടുള്ള വീട്ടില്‍ നിന്ന് 2023 സെപ്റ്റംബര്‍ 26ന് പുലര്‍ച്ചെയാണ് ഇഡി അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത്.

SCROLL FOR NEXT