കരുവന്നൂർ ബാങ്ക് ക്രമക്കേട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുൻമന്ത്രി എ.സി. മൊയ്തീന്റെ ഭാര്യയുടെയും മകളുടെയും അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി പുനപരിശോധിക്കാൻ ഹൈക്കോടതി നിർദേശം. അഡ്ജ്യൂറിക്കേറ്റിങ് അതോറിറ്റി ഭാര്യയുടെയും മകളുടെയും ഭാഗം കേട്ടില്ല എന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിൻ്റെ ഉത്തരവ്. എ.സി. മൊയ്തീൻ്റെ വിശദീകരണം മാത്രമാണ് അതോറിറ്റി പരിഗണിച്ചത്. ഭാര്യയുടെ റിട്ടയർമെൻറ് ആനുകൂല്യം അടക്കം ഉണ്ടായിരുന്ന അക്കൗണ്ടാണ് മരവിപ്പിച്ചത് എന്നും ഇത് നിയമവിരുദ്ധമാണെന്നുമായിരുന്നു ഹർജിയിലെ ആരോപണം.
നേരത്തെ എ.സി. മൊയ്തീന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇ ഡി നടപടി ഡൽഹിയിലെ അഡ്ജ്യുടിക്കറ്റിങ് അതോറിറ്റി ശരിവെച്ചിരുന്നു. എ.സി. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള ആറ് ബാങ്ക് അക്കൗണ്ടുകളിലുള്ള 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്. എന്നാൽ ഭൂസ്വത്തുക്കൾ ഇപ്പോൾ കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നില്ലെന്നാണ് റിപ്പോർട്ട്.
എ.സി. മൊയ്തീൻ സ്വത്ത് വിശദാംശങ്ങൾ, ബാങ്ക് നിക്ഷേപക രേഖകകൾ എന്നിവ പൂർണ്ണമായി ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹാജരായപ്പോൾ മുഴുവൻ രേഖകളും കൈമാറാൻ മൊയ്തീന് കഴിഞ്ഞിരുന്നില്ല. കേസിൽ അന്വേഷണം നേരിടുന്ന ബാങ്ക് മുൻ മാനേജർ ബിജു കരീമിന്‍റെ ബന്ധു കൂടിയാണ് എ.സി. മൊയ്തീൻ. ഈ സാഹചര്യത്തിൽ ബാങ്കിൽ നിന്ന് ബിനാമികൾ വ്യാജ രേഖകൾ ഹാജരാക്കി ലോൺ നേടിയതിൽ എ.സി. മൊയ്തീന്ന് പങ്കുണ്ടോ എന്നായിരുന്നു ഇഡിയുടെ അന്വഷണം.