NEWSROOM

മനാഫിനെ തല്ലിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് കാർവാർ എംഎൽഎ; അർജുൻ്റെ ലോറി ഇതുവരെ കണ്ടെത്താനായിട്ടില്ല

രാവിലെ 10 മണിയോടെ രക്ഷാപ്രവർത്തനങ്ങൾക്കായി എത്തുമെന്ന് അറിയിച്ചിരുന്ന സൈന്യം ഉച്ചയ്ക്ക് രണ്ട് മണിയോടെ മാത്രമെ എത്തൂവെന്നാണ് വിവരം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉച്ചയോടെ ഷിരൂരിലെത്തും

Author : ന്യൂസ് ഡെസ്ക്

ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് കൂടുതൽ ജെസിബികൾ എത്തിച്ചുള്ള പരിശോധനകൾ തുടരുന്നു. രാവിലെയോടെ റഡാറിൽ സിഗ്നൽ ലഭിച്ചയിടങ്ങളിൽ മണ്ണ് നീക്കി തെരച്ചിൽ നടത്തിയെങ്കിലും അവിടെ അർജുൻ്റെ ലോറി കണ്ടെത്താനായിട്ടില്ല. നിലവിൽ മറ്റൊരു മൺകൂനയാണ് നീക്കിക്കൊണ്ടിരിക്കുന്നത്. ഷിരൂരിലെ അപകടസ്ഥലത്ത് രാവിലെ പെയ്ത മഴ ഇടയ്ക്ക് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു. മഴ മാറിയ ശേഷമാണ് രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്.

അർജുൻ്റെ രക്ഷാപ്രവർത്തനം വൈകുന്നത് ചോദ്യം ചെയ്ത ലോറിയുടമ മനാഫിനെ തല്ലിയ പൊലീസ് സുപ്രണ്ടിൻ്റെ പ്രവർത്തിയെ തള്ളി കാർവാർ എംഎൽഎയും രംഗത്തെത്തി. മനാഫിനെ എസ്‌പി തള്ളിയത് ബോധപൂർവമല്ലെന്നും താൻ മാപ്പ് ചോദിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു. രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാണെന്നും ഇന്ന് ശുഭവാർത്തയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തനത്തിൻ്റെ തുടക്കത്തിൽ ജാഗ്രതക്കുറവുണ്ടായെന്ന് മഞ്ചേശ്വരം എംഎൽഎയും ആരോപിച്ചു.ഇന്ന് അർജുനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാവിലെ 10 മണിയോടെ രക്ഷാപ്രവർത്തനങ്ങൾക്കായി എത്തുമെന്ന് അറിയിച്ചിരുന്ന സൈന്യം ഉച്ചയ്ക്ക് രണ്ട് മണിയോടെ മാത്രമെ എത്തൂവെന്നാണ് വിവരം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉച്ചയോടെ ഷിരൂരിലെത്തും. നിലവിൽ രക്ഷാപ്രവർത്തനങ്ങളെ സഹായിക്കാനായി ഐഎസ്ആർഒയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ നാവികസേനാംഗങ്ങളും സ്ഥലത്ത് രക്ഷാദൌത്യം ആരംഭിച്ചിട്ടുണ്ട്. ആറാം ദിവസം രാവിലത്തെ രക്ഷാപ്രവർത്തനം മനഃപ്പൂർവം വൈകിച്ചെന്ന് അർജുൻ്റെ സഹോദരൻ ആരോപിച്ചു. കളക്ടറുടെ ഉത്തരവില്ലെന്ന് പറഞ്ഞാണ് തെരച്ചിൽ വൈകിപ്പിച്ചതെന്നും സഹോദരൻ വിമർശിച്ചു.

SCROLL FOR NEXT