NEWSROOM

'ഇതുപോലൊരു ദൗത്യം ജീവിതത്തിലാദ്യം; ഇവിടെ എത്തിച്ചത് ആ കുഞ്ഞ് ലോറി': കാര്‍വാര്‍ എംഎല്‍എ

കേരളത്തിന്റെ ഐക്യം വല്ലാതെ ഇഷ്ടപ്പെട്ടു. കേരളത്തിന്റെ മാധ്യമങ്ങള്‍ക്കും വലിയൊരു സല്യൂട്ട്

Author : ന്യൂസ് ഡെസ്ക്

അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ പങ്കാളിയായതിന്റെ അനുഭവം പങ്കുവെച്ച് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണസെയില്‍. അര്‍ജുന്റെ ലോറിയില്‍ നിന്ന് കണ്ടെത്തിയ കളിപ്പാട്ടം തന്നെ വല്ലാതെ വേദനിപ്പിച്ചു. ആ കുഞ്ഞ് ലോറിയാണ് തന്നെ ഇവിടെ എത്തിച്ചത്. ഇതുപോലൊരു ദൗത്യം ജീവിതത്തില്‍ ആദ്യമായാണെന്നും കാര്‍വാര്‍് എംഎല്‍എ പറഞ്ഞു.

അര്‍ജുനെ കണ്ടെത്താനായി കേരളത്തിലെ എംപിമാരുടേയും എംഎല്‍എമാരുടേയും പൂര്‍ണ പിന്തുണ ആദ്യം മുതല്‍ ഉണ്ടായിരുന്നു. അര്‍ജുനെ ജീവനോടെ ലഭിക്കാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്തു നോക്കി. കേരളത്തിന്റെ ഐക്യം വല്ലാതെ ഇഷ്ടപ്പെട്ടു. കേരളത്തിന്റെ മാധ്യമങ്ങള്‍ക്കും വലിയൊരു സല്യൂട്ട് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


അര്‍ജുന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സാമ്പത്തിക സഹായവും കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സതീഷ് കൃഷ്ണസെയില്‍ ഒരു ലക്ഷം രൂപയും ധനസഹായമായും നല്‍കി.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വീട്ടുവളപ്പില്‍ അര്‍ജുന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അര്‍ജുന്റെ ചിതയില്‍ രണ്ടര വയസ്സുകാരനായ മകന്‍ അയാനും സഹോദരന്‍ അഭിജിത്തും ചേര്‍ന്ന് തിരികൊളുത്തി. വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് അമരാവതിയെന്ന വീടും കണ്ണാടിക്കല്‍ എന്ന പ്രദേശവും സാക്ഷിയായത്.


ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ട്രക്കും മൃതദേഹവും 71 ദിവസങ്ങള്‍ക്കു ശേഷമാണ് ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയത്. വീട്ടില്‍ നിന്നും 74 ദിവസങ്ങള്‍ക്ക് മുമ്പ് സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയ അര്‍ജുന്‍, ഒടുവിൽ ചേതനയറ്റ ശരീരമായാണ് തിരിച്ചെത്തിയത്.

SCROLL FOR NEXT