NEWSROOM

മരണ കാരണവും കാലപ്പഴക്കവും കണ്ടെത്താൻ നടപടി; കാസർഗോഡ് മരിച്ച നിലയിൽ കണ്ടെത്തിയ പ്രദീപിൻ്റെയും പതിനഞ്ചുകാരിയുടേയും പോസ്റ്റ്മോർട്ടം നടക്കും

26 ദിവസം മുൻപാണ് ഇരുവരെയും കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനു പിന്നാലെ പ്രദീപിനെതിരെ ആരോപണവുമായി കുടുംബം രം​ഗത്തെത്തിയിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകളും ഒരേ ഇടത്തുവച്ചാണ് സ്വിച്ച് ഓഫായത്. ഈ പരിസരങ്ങളിലും ഡ്രോണടക്കമുള്ളവ ഉപയോ​ഗിച്ച തെരച്ചിൽ നടത്തിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ് പൈവളിഗെ മരിച്ച നിലയിൽ കണ്ടെത്തിയ പ്രദീപിൻ്റെയും പതിനഞ്ചുകാരിയുടേയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.പരിയാരം മെഡിക്കൽ കോളജിൽ പൊലീസ് സർജൻ്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടക്കുക. മരണ കാരണവും കാലപ്പഴക്കവും കണ്ടെത്തുന്നതിനായാണ് പോസ്റ്റ്മോർട്ടം. ഒപ്പം ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികളും പൂർത്തിയാക്കും. മൃതദേഹത്തിന് സമീപത്തു നിന്നും ലഭിച്ച ഇരുവരുടേയും മൊബൈൽ ഫോണുകൾ ഫോറൻസിക് വിഭാഗത്തിന് കൈമാറും.

ഇന്നലെയാണ് കാസർഗോഡ് നിന്നും കാണാതായ പതിനഞ്ചുകാരിയെയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തിയത്.പെൺകുട്ടിയുടെ വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ, കാടുമൂടിയ പറമ്പിലാണ് ഇരുവരെയും മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഫെബ്രുവരി 12ന് പുലർച്ചെയാണ് ശ്രേയയെയും അയല്‍വാസിയായ പ്രദീപിനേയും (42) കാണാതായത്.


മൃതദേഹം ജീർണാവസ്ഥയിലായതിനാൽ ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ ശരീരം ശ്രേയയുടെയും പ്രദീപിന്റെയുമാണെന്ന് ഔദ്യോ​ഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ. എന്നാൽ മൃതദേഹത്തിലെ വസ്ത്രം അവസാനമായ കാണുമ്പോൾ പെൺകുട്ടി ധരിച്ചിരുന്നതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹത്തിന്‍റെ പരിസരത്തു നിന്നും രണ്ട് ഫോണുകളും കത്തിയും ചോക്ലേറ്റും കണ്ടെത്തിയിട്ടുണ്ട്. ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവർ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കും.

26 ദിവസം മുൻപാണ് ഇരുവരെയും കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനു പിന്നാലെ പ്രദീപിനെതിരെ ആരോപണവുമായി കുടുംബം രം​ഗത്തെത്തിയിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകളും ഒരേ ഇടത്തുവച്ചാണ് സ്വിച്ച് ഓഫായത്. ഈ പരിസരങ്ങളിലും ഡ്രോണടക്കമുള്ളവ ഉപയോ​ഗിച്ച് തെരച്ചിൽ നടത്തിയിരുന്നു.


ടാക്സി ഓടിച്ചിരുന്ന പ്രദീപിന് കർണാടക ബന്ധങ്ങളുള്ളതിനാല്‍ ഇവർ സംസ്ഥാനം വിടാന്‍ സാധ്യതയുണ്ടെന്നായിരുന്നു നിഗമനം. ആ രീതിയിലും അന്വേഷണം പുരോഗമിച്ചിരുന്നു. ശ്രേയയുടെ അമ്മ ഹേബിയസ് കോർപ്പസ് അടക്കം ഫയല്‍ ചെയ്യുന്ന നടപടികളിലേക്കും കടന്നു. മണ്ടക്കാപ്പ് പരിസരത്തായിരുന്നു ഇന്നത്തെ തെരച്ചിൽ. കഴിഞ്ഞദിവസവും ഇതേ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. 59 അംഗ പൊലീസ് സംഘവും ജനങ്ങളും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

SCROLL FOR NEXT