NEWSROOM

കാസർഗോഡ് മാലിന്യമുക്തമാവുന്നു; ഔദ്യോഗിക പ്രഖ്യാപനം ജനുവരി 26ന്

ഇതിനു മുന്നോടിയായി ഒക്ടോബര്‍ രണ്ടിന് ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും വിവിധ ശുചിത്വ പ്രവൃത്തികളുടെ ഉദ്ഘാടനം നടക്കും

Author : ന്യൂസ് ഡെസ്ക്

കാസര്‍ഗോഡ് ജില്ലയെ മാലിന്യ മുക്തമായി പ്രഖ്യാപിക്കുന്നു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായാണ് 2025 ജനുവരി 26ന് പ്രഖ്യാപനം നടത്തുന്നത്. ഇതിന് മുന്നോടിയായി ഗാന്ധിജയന്തി ദിനം മുതൽ ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും മാലിന്യ മുക്ത പരിപാടികൾ നടത്തും.

മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ 777 വാര്‍ഡുകളിലാണ് മാലിന്യ മുക്ത പരിപാടി നടത്തുക. ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് മാര്‍ച്ച് 31ന് അവസാനിക്കുന്ന ജനകീയ കാമ്പയിനില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരും പൊതുജനങ്ങളും പങ്കാളികളാകും. ഒക്ടോബര്‍ രണ്ടിന് ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും വിവിധ ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടക്കും. പൈവളിഗെ സ്‌കൂളിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.  ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിത സ്‌കൂളുകളുടെ പ്രഖ്യാപനവും ഇതേദിവസം നടക്കും.


ശുചിത്വവും ഗുണമേന്‍മയും ഉറപ്പ് നല്‍കുന്ന കുടിവെള്ള പദ്ധതിയായ ആര്‍.ഒ പ്ലാന്റ് ജില്ലയിലെ 21 സ്‌കൂളുകളില്‍ നടപ്പിലാക്കിയിട്ടുണ്ട്.  ബയോഗ്യാസ് സംവിധാനം ഫ്രീഹാബ് ടോയ്‌ലറ്റുകൾ എന്നിവ സ്ഥാപിച്ച സ്കൂളുകളെ ഹരിത സ്‌കൂളായി പ്രഖ്യാപിക്കും. ക്യാമ്പയിന്റെ ഭാഗമായി വീടുകളിലും അയല്‍ക്കൂട്ടങ്ങളിലും വാര്‍ഡ് തലത്തിലും ജൈവ അജൈവ ദ്രവ മാലിന്യങ്ങളുടെ സംസ്‌കരണ സംവിധാനങ്ങള്‍ ഉറപ്പാക്കും. പ്രധാന ടൗണുകളിലും മാര്‍ക്കറ്റുകളിലും സാധ്യമായവയെല്ലാം നവംമ്പര്‍ ഒന്നിന് മാലിന്യ മുക്തമായി പ്രഖ്യാപിക്കും.

ഹരിത ടൂറിസത്തിന്റെ ഭാഗമായി പ്രധാന ടൂറിസം സെന്ററുകള്‍ നവംമ്പര്‍ ഒന്നിന് മാലിന്യ മുക്തമായി പ്രഖ്യാപിക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഗ്യാപ്പുകള്‍ കണ്ടെത്തി എസ്.ടി.പി, എഫ്.എസ്.ടി.പി, മിനി എം.സി. എഫ്, ഡബിള്‍ ചേംബര്‍ ഇന്‍സിനേറ്റര്‍ തുടങ്ങിയവ ആരംഭിക്കുകയും വാതില്‍പടി ശേഖരണം, യൂസര്‍ ഫീ എന്നിവ 100 ശതമാനം പൂര്‍ത്തിയാക്കാനാണ് തീരുമാനം. എന്നാൽ അതിർത്തി പഞ്ചായത്തുകളിൽ മാലിന്യ സംസ്കരണം കൃത്യമല്ലാത്തത് പ്രഖ്യാപനത്തിന് തിരിച്ചടിയാണ്.

SCROLL FOR NEXT