കാസർഗോഡ് ജില്ലയിൽ പനിബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ജില്ലയിൽ ജൂലൈ മാസത്തിൽ മാത്രം ഇതുവരെ പതിനായിരത്തോളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. കോളറ ഉൾപ്പെടെ സ്ഥിരീകരിച്ചതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നലെ മാത്രം ആയിരത്തോളം പേരാണ് പനി ബാധിച്ച് ചികിത്സയ്ക്കായി ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ എത്തിയത്. കാസർഗോഡ് ജില്ലാ ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ ചികിത്സയ്ക്കായി എത്തുന്നത്.
ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്. കഴിഞ്ഞ ദിവസം 2 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇത്തവണ പനിയോടൊപ്പം ഛർദിയും വയറിളക്കവുമാണ് കൂടുതലായി കാണുന്നത്. മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ ചിക്കൻപോക്സും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ജില്ലാ ആശുപത്രിയിലാണ് കൂടുതലും ആളുകൾ ചികിത്സ തേടി എത്തുന്നത്. എന്നാൽ, സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണം കുറവല്ല. ജില്ലയിൽ 2 ദിവസമായി മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടൽ.