ബാലകൃഷ്ണൻ പെരിയ 
NEWSROOM

കാസർഗോഡ് കോൺഗ്രസിൽ വിമത നീക്കം; ബാലകൃഷ്ണൻ പെരിയയുടെ നേതൃത്വത്തിൽ യോ​ഗം വിളിക്കുമെന്ന് സൂചന

ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ യോ​ഗത്തിൽ പങ്കെടുക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് ജില്ലാ നേതാക്കൾ

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ് കോൺഗ്രസിൽ വിമത നീക്കം. അച്ചടക്ക നടപടി നേരിട്ട ​മുൻ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയുടെ നേതൃത്വത്തിലാണ് യോ​ഗം വിളിക്കുമെന്നും സൂചന.  ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ ഒപ്പം നിർത്തി വിമത നീക്കം പൊളിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് ജില്ലാ നേതൃത്വം.

പെരിയ കൊലപാതക കേസിലെ പ്രതിയുടെ വിവാഹസത്‌കാരത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെ 4 നേതാക്കളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്. ഇതിന് പിന്നാ‌ലെ പാ‌ർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും ​ ഗ്രൂപ്പ് പോരും ശക്തമായി. മുതിർന്ന നേതാക്കൾ ഉൾപ്പെടെ വിമതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. അച്ചടക്ക നടപടിക്ക് പിന്നാലെ വിമതയോ​ഗം ചേരാൻ തീരുമാനിച്ചെങ്കിലും അവസാന നിമിഷം യോ​ഗം റദ്ദാക്കിയിരുന്നു.

സംസ്ഥാന നേതൃത്വവുമായി പിണങ്ങിനിൽക്കുന്നവരെ കണ്ട് പിന്തുണ ഉറപ്പാക്കാനാണ് ബാലകൃഷ്ണൻ പെരിയയുടെ നീക്കം. പെരിയിലെ പ്രാദേശിക നേതാക്കളേയും മുതിർന്ന നേതാക്കളേയും ഉൾപ്പെടുത്തിയാണ് ​യോ​ഗം ചേരുന്നത്. ജില്ലാ നേതൃത്വവുമായി ഉടക്കി നിൽക്കുന്നവരെയും തങ്ങളുടെ ക്യാംപിലെത്തിക്കാൻ വിമത വിഭാഗം നീക്കം നടത്തുന്നുണ്ട്. അതിനിടെ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ യോ​ഗത്തിൽ പങ്കെടുക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് ജില്ലാ നേതാക്കൾ.

SCROLL FOR NEXT