ജമ്മു കശ്മീരിലെ പഹല്‍ഗാമിൽ തീവ്രവാദ ആക്രമണത്തെ തുടർന്ന് കശ്മീരിൽ ഇന്ന് ബന്ദ്. രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും വ്യാപാര സംഘടനകളും സംയുക്തമായാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തില്‍ മരണം 28 ആയതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പഹല്‍ഗാമിലെ ബൈസാരന്‍ താഴ്‌വരയിലാണ് വെടിവെപ്പുണ്ടായത്. നടന്നോ കുതിരപ്പുറത്തോ മാത്രം എത്താന്‍ സാധിക്കുന്ന പ്രദേശമാണ് ബൈസാരന്‍ താഴ്‌വര. വേഷം മാറിയാണ് തീവ്രവാദികള്‍ എത്തിയതെന്നും കൃത്യമായി ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമാണ് എന്നുമാണ് കരുതപ്പെടുന്നത്. 2019ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇതെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കൊച്ചി ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് (65) മരിച്ചത്. മകളുടെ മുന്നില്‍ വെച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്.
രാമചന്ദ്രൻ കുടുംബ സമേതമാണ് അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് ജമ്മു കശ്മീരിലേക്ക് എത്തിയത്. ഭാര്യയ്ക്ക് സുഖമില്ലാതിരുന്നതിനാല്‍ പുറത്തിറങ്ങിയിരുന്നില്ല. രാമചന്ദ്രന്‍ തന്റെ മകള്‍ക്കും കൊച്ചു മക്കള്‍ക്കുമൊപ്പമാണ് ബൈസാരന്‍ താഴ്‌വാരത്തിലേക്ക് പോയത്. അവിടെ വെച്ച് തീവ്രവാദ ആക്രമണം ഉണ്ടായതിന് പിന്നാലെ കുട്ടികള്‍ ചിതറിയോടുകയായിരുന്നു. ഇവർ സുരക്ഷിതരായി സൈനിക ക്യാംപിലുണ്ടെന്നാണ് ലഭ്യമായ വിവരം.