NEWSROOM

'കട്ടന്‍ ചായയും പരിപ്പുവടയും'; ആത്മകഥാ വിവാദം ആസൂത്രിത ഗൂഢാലോചനയെന്ന് ഇ.പി

വ്യക്തമായ സൂചന കിട്ടിയാല്‍ ഗൂഡാലോചനയ്ക്ക് പിന്നില്‍ ആരെന്ന് പുറത്തു പറയാമെന്നും ഇ.പി. ജയരാജന്‍

Author : ന്യൂസ് ഡെസ്ക്

ആത്മകഥ ചോര്‍ന്നത് ആസൂത്രിത ഗൂഢാലോചനയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍. ആത്മകഥയുടെ ഒരു വരിപോലും പ്രസിദ്ധീകരണത്തിനായി ആര്‍ക്കും കിട്ടിയിട്ടില്ല. പാര്‍ട്ടിക്ക് അകത്തും പുറത്തും ദുര്‍ബലനാക്കാന്‍ ശ്രമമെന്നും ഇ.പി. പറഞ്ഞു.

മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെ എഴുതിയ കാര്യങ്ങള്‍ ഏല്‍പിച്ച് എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. വ്യക്തമായ സൂചന കിട്ടിയാല്‍ ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരെന്ന് പുറത്തു പറയാമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. ആത്മകഥ ചോര്‍ന്നതിന് ഉത്തരവാദിത്തം ഡി.സി ബുക്സിനാണ്.


അതേസമയം, ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. കോട്ടയം എസ്.പി ഷാഹുല്‍ ഹമീദ് ആണ് റിപ്പോര്‍ട്ട് കൈമാറിയത്. രവി ഡിസിയുടെയും ഡിസി ബുക്‌സ് ജീവനക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.

സംഭവത്തില്‍, ഡിസി ബുക്‌സ് പബ്ലിക്കേഷന്‍ മാനേജരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതിലെ കരാര്‍ സംബന്ധിച്ച് വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടി.


കഴിഞ്ഞ ദിവസം ഡിസി ബുക്‌സ് മേധാവി രവി ഡിസിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. വിഷയത്തില്‍ ഇ.പി. ജയരാജന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വേളയിലായിരുന്നു 'കട്ടന്‍ ചായയും പരിപ്പുവടയും' എന്ന പേരില്‍ ഇ.പി. ജയരാജന്റെ ആത്മകഥാ ഭാഗങ്ങള്‍ എന്ന പേരില്‍ ചില ഭാഗങ്ങള്‍ പുറത്തുവന്നത്. ഇത് വിവാദമായതിനു പിന്നാലെ, താന്‍ എഴുതിയതല്ല പുറത്തുവന്നതെന്നും,ഡിസി ബുക്സിന് പ്രസിദ്ധീകരണ അവകാശം നല്‍കിയിട്ടില്ലെന്നും, ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള അധികാരം തനിക്കാണെന്നും ഇ.പി. വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT