NEWSROOM

കട്ടപ്പനയിലെ നിക്ഷേപകൻ്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കണം, നീതി ലഭിക്കും വരെ പോരാടുമെന്ന് സാബുവിന്റെ ഭാര്യ മേരിക്കുട്ടി

മുളങ്ങാശേരില്‍ സാബുവിൻ്റെ മരണത്തെ തുട‍ർന്നുള്ള അന്വേഷണത്തിൽ 100 ശതമാനം പ്രതീക്ഷയെന്ന് കുടുംബം

Author : ന്യൂസ് ഡെസ്ക്

കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി കെട്ടിടത്തിൽ ജീവനൊടുക്കിയ മുളങ്ങാശേരില്‍ സാബുവിൻ്റെ മരണത്തെ തുട‍ർന്നുള്ള അന്വേഷണത്തിൽ 100 ശതമാനം പ്രതീക്ഷയെന്ന് കുടുംബം. പൊലീസ് ഇന്നലെ മൊഴി രേഖപ്പെടുത്തി. ഒന്നര വർഷമായി അനുഭവിച്ച യാതനകൾ എല്ലാം പൊലീസിനോട് പറഞ്ഞു. സാബുവിന്റെ ഫോൺ തന്റെ കയ്യിലുണ്ട്. ഇന്ന് ഫോൺ പൊലീസിന് കൈമാറുമെന്നും സാബുവിന്റെ ഭാര്യ മേരിക്കുട്ടി പറഞ്ഞു.

മുൻ ബാങ്ക് പ്രസിഡന്റും, സിപിഎം കട്ടപ്പന മുൻ ഏരിയ സെക്രട്ടറിയുമായ വി.ആർ. സജി ഉൾപ്പെടെ ആത്മഹത്യ കത്തിൽ പരാമർശിച്ച 4 പേർക്കെതിരെയും ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തണം. പറഞ്ഞ സമയത്ത് പണം നൽകിയത് ആകെ ഒരു തവണ മാത്രമാണ്. ബിനോയ് വിശ്വം പിടിച്ചുതള്ളിയെന്നും അസഭ്യം പറഞ്ഞെന്നും സാബു പറഞ്ഞിരുന്നു. ഈ പ്രശ്നം കഴിഞ്ഞത് മുതൽ സാബു മാനസിക സംഘർഷത്തിൽ ആയിരുന്നു. പൈസ ഇല്ലാഞ്ഞിട്ടല്ല, തങ്ങൾക്ക് തരാതിരിക്കാൻ ആണ് അവർ ശ്രമിക്കുന്നത് എന്നും സാബു പറഞ്ഞിരുന്നുവെന്നും മേരിക്കുട്ടി പറഞ്ഞു.

ക്രൈംബ്രാഞ്ചിന് പരാതി കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്. നീതി കിട്ടും വരെ പോരാടും. ബാങ്ക് ജീവനക്കാർക്കെതിരെ നടപടി എടുക്കണം. മന്ത്രിമാർ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. കോൺഗ്രസ് പ്രതിനിധികൾ ബന്ധപ്പെട്ടിരുന്നു. സിപിഎം നേതാക്കൾ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും മേരിക്കുട്ടി പറഞ്ഞു.

സംഭവത്തിൽ സംസ്ഥാന സഹകരണ സംഘം ഗുണ്ടായിസമായി മാറിയെന്ന് സാബുവിൻ്റെ വീട് സന്ദർശിച്ച പി.വി. അൻവർ എംഎൽഎ പ്രതികരിച്ചു. നിരവധി കരുവന്നൂർ ബാങ്കുകൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ട്. സഹകരണ മേഖല സിപിഎം കോർപ്പറേറ്റ് വത്കരിച്ചു. സാബുവിന്റെ കുടുംബം നിയമപരമായ നടപടി സ്വീകരിക്കണം എന്ന് നിർദേശിച്ചിട്ടുണ്ടെന്നും പി.വി. അൻവർ പറഞ്ഞു. 

അതേസമയം, മുളങ്ങാശേരില്‍ സാബുവിൻ്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും. കട്ടപ്പന, തങ്കമണി സിഐമാരുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് അന്വേഷിക്കുക. എസ്‌പി ടി.കെ വിഷ്ണുപ്രദീപ് ആണ് സംഘത്തെ നിയോഗിച്ചത്. കേസിൽ ഇന്ന് കൂടുതൽ മൊഴി രേഖപ്പെടുത്തും. ആത്മഹത്യ കുറിപ്പിൽ പരാമർശിച്ച ബാങ്ക് സെക്രട്ടറി അടക്കമുള്ളവരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും.

SCROLL FOR NEXT