NEWSROOM

കവരൈപേട്ട ട്രെയിൻ അപകടം: ട്രാക്കിലെ നട്ടും ബോൾട്ടും ഇളക്കി മാറ്റിയ നിലയിൽ, അന്വേഷണം ആരംഭിച്ച് എന്‍ഐഎ

അപകടത്തിന് കാരണമായത് സിഗ്നൽ തകരാറാണെന്ന സൂചന നേരത്തെ ലഭിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

ചെന്നെ കവരൈപേട്ട ട്രെയിൻ അപകടത്തിനു പിന്നില്‍ അട്ടിമറിയെന്ന് സൂചന. ട്രാക്കിലെ നട്ടും ബോൾട്ടും ഇളക്കി മാറ്റിയ ശേഷം ഹാമർ ഉപയോഗിച്ച് ട്രാക്ക് കേട് വരുത്തിയെന്ന് റയിൽവേ ഉന്നതതല സംഘത്തിന്‍റെ കണ്ടെത്തല്‍. സംഭവത്തിൽ എന്‍ഐഎ അന്വേഷണം ആരംഭിച്ചു.

നിലവിൽ റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഉന്നത സംഘമാണ് അപകട കാരണങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. അപകടത്തിന് കാരണമായത് സിഗ്നൽ തകരാറാണെന്ന സൂചന നേരത്തെ ലഭിച്ചിരുന്നു. മെയിൻ ലൈനിലൂടെ പോകേണ്ട മൈസൂർ ദർഭാങ്ക ഭാഗ്മതി എക്‌സ്പ്രസിന്, ലൂപ്പ് ലൈനിലൂടെ കടന്നുപോകാൻ സിഗ്‌നൽ ലഭിച്ചതാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. ലോക്കോ പൈലറ്റിന്‍റെ പിഴവാണ് അപകട കാരണമെന്നും ഒരു വാദമുണ്ടായിരുന്നു. എന്നാല്‍ അപകടത്തില്‍ കേന്ദ്ര സർക്കാർ അട്ടിമറി സാധ്യത സംശയിച്ചിരുന്നു.

Also Read: കവരൈപേട്ട ട്രെയിൻ അപകടം: അട്ടിമറിസാധ്യതയെന്ന് കേന്ദ്രം; അന്വേഷണത്തിന് എൻഐഎയെ നിയമിക്കുമെന്ന് സൂചന

ചെന്നൈ കവരൈപേട്ടയിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അപകടം. നിര്‍ത്തിയിട്ട ചരക്ക് ട്രെയിനിലേക്ക് മൈസൂര്‍-ദര്‍ബാംഗ എക്സ്പ്രസ് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ 12 കോച്ചുകള്‍ പാളം തെറ്റി. എക്സ്പ്രസ് ട്രെയിനിന്റെ രണ്ട് പാഴ്സൽ കോച്ചുകൾക്ക് തീപിടിച്ചു. അപകടത്തിൽ 19 യാത്രക്കാർക്ക് പരുക്കേറ്റതായാണ് വിവരം. ഇവർ ചെന്നൈ ഗവൺമെന്റ് സ്റ്റാൻലി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു.

SCROLL FOR NEXT