NEWSROOM

'ഭരത് ചന്ദ്രനായി അഭിനയിച്ചതിന് ശേഷം സുരേഷ് ഗോപിയുടെ കാറിന്റെ പിന്നില്‍ എപ്പോഴും ഒരു തൊപ്പി ഉണ്ടാകുമായിരുന്നു'

സുരേഷ് ഗോപിക്കല്ല കുഴപ്പമെന്നും സുരേഷ് ഗോപിയെ ജയിപ്പിച്ച തൃശൂരുകാര്‍ക്കാണ് അബദ്ധം പറ്റിയതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


സുരേഷ് ഗോപിക്ക് കട്ട് പറയാന്‍ താന്‍ സംവിധായകനല്ലെന്നും അത് ചെയ്യേണ്ടത് ജനങ്ങളാണെന്നും മന്ത്രി കെ.ബി ഗണേഷ് കുമാര്‍. കമ്മീഷണര്‍ സിനിമ ഇറങ്ങിയ ശേഷം കാറിന് പിറകില്‍ എസ്പിയുടെ തൊപ്പി വെച്ചയാളാണ് സുരേഷ് ഗോപി. തെരഞ്ഞെടുപ്പിന് മുമ്പ് തൃശൂര്‍കാര്‍ അനുഭവിക്കുമെന്ന് താന്‍ പറഞ്ഞത് ഇപ്പോള്‍ ശരിയായി. എമ്പുരാനെതിരെ നടക്കുന്ന ആക്രമണം അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതാണ്. വിമര്‍ശനങ്ങളോട് ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.

'ഭരത് ചന്ദ്രനായി അഭിനയിച്ചതിന് ശേഷം കാറിന്റെ പിറകില്‍ എപ്പോഴും ഒരു എസ്പിയുടെ തൊപ്പി ഉണ്ടാകുമായിരുന്നു. എസ്പിമാര്‍ പോകുമ്പോള്‍ അവരുടെ കാറിന്റെ ബാക്കിലെ ഗ്ലാസിനുള്ളിലായി പുറത്തു നിന്ന് നോക്കിയാല്‍ കാണുന്ന തരത്തില്‍ തൊപ്പി വെക്കും. ഇദ്ദേഹത്തിന്റെ കാറില്‍ അതുപോലെ കുറേ കാലം ഒരു എസ്പിയുടെ ഐപിഎസ് എന്ന് എഴുതിയ ഒരു തൊപ്പി, കാറിന്റെ സീറ്റിന്റെ പുറകില്‍ കണ്ണാടിയില്‍ കൂടി കാണുന്ന വിധത്തില്‍ വെച്ചിട്ടുണ്ടായിരുന്നു. അത് തിരുവനന്തപുരത്ത് ഉള്ളവര്‍ക്ക്, അത് കണ്ടിട്ടുള്ളവര്‍ക്ക് അറിയാം. അതിന്റെ വീഡിയോ ഒന്നും ഇല്ല,' കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.

സുരേഷ് ഗോപിയെക്കുറിച്ച് ഒന്നും താന്‍ പറയില്ലെന്നും, പറയേണ്ടതെല്ലാം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പറഞ്ഞതാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സുരേഷ് ഗോപിക്കല്ല കുഴപ്പമെന്നും സുരേഷ് ഗോപിയെ ജയിപ്പിച്ച തൃശൂരുകാര്‍ക്കാണ് അബദ്ധം പറ്റിയതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

'അദ്ദേഹത്തെക്കുറിച്ച് ഒന്നും ഞാന്‍ പറയില്ല. അദ്ദേഹത്തെക്കുറിച്ച് തെരഞ്ഞെടുപ്പിന് മുമ്പേ ഞാന്‍ പറഞ്ഞു. അന്നേരം സാരമില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി അനുഭവിച്ചു കൊള്ളുക എന്നതാണ്. തെരഞ്ഞെടുപ്പിന് മുമ്പ് എന്റെ പ്രസംഗങ്ങള്‍ കേട്ട് പലരും എന്നോട് ചോദിച്ചിട്ടുണ്ട് എന്തിനാണ് നിങ്ങള്‍ അങ്ങനെ പറഞ്ഞത് എന്നൊക്കെ. അദ്ദേഹത്തിനല്ല കുഴപ്പം, അദ്ദേഹത്തെ ജയിപ്പിച്ച തൃശൂരുകാര്‍ക്കാണ് അബദ്ധം പറ്റിയത്. എനിക്ക് വര്‍ഷങ്ങളായിട്ട് അറിയാവുന്ന സ്വഭാവമായതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്. തൃശൂരുകാര്‍ക്ക് എന്തെങ്കിലും ഒക്കെ ഉപകാരം ഉണ്ടാകട്ടേ എന്ന് പ്രാര്‍ഥിക്കാം,' ഗണേഷ് കുമാര്‍ പ്രതികരിച്ചു.

സിനിമ രാഷ്ട്രീയ മാറ്റമുണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയുടെ പേരിലുള്ള വിവാദങ്ങള്‍ അനാവശ്യമാണ്. സിനിമ കണ്ട് അഭിനയം നന്നായെന്ന് മാത്രം പറയും. എന്ത് പറഞ്ഞാലും വിവാദ മാവുകയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരുപാട് രാഷ്ട്രീയ സിനിമകളില്‍ അഭിനയിച്ചതാണ്. യുഡിഎഫ് വിരുദ്ധ സിനിമകളായിരുന്നു ഏറെയും. എന്നിട്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


SCROLL FOR NEXT