കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിയമസഭയിൽ ചർച്ച ചെയ്ത് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. കെഎസ്ആർടിസി ജീവനക്കാർക്ക് കഞ്ഞി കുടിക്കാനുള്ള വക സർക്കാർ ഉണ്ടാക്കുമെന്നായിരുന്നു ഗതാഗത മന്ത്രി നിയമസഭയിൽ പറഞ്ഞത് . ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം നൽകുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
2024 - 2025 സാമ്പത്തിക വർഷത്തേക്കുള്ള ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട ബജറ്റിലെ ധനാഭ്യർത്ഥന ചർച്ചകൾക്കുള്ള മറുപടിയിൽ കൂടുതലും കെഎസ്ആർടിസി ആയിരുന്നു ചർച്ചാ വിഷയം. കെ എസ്ആർടിസി ജീവനക്കാർ കള്ള് കുടിച്ചോയെന്നു നോക്കുന്ന സർക്കാർ അവർ കഞ്ഞി കുടിച്ചോയെന്നു അന്വേഷിക്കണമെന്ന് എംഎൽഎ എം വിൻസെൻ്റ് ആവശ്യപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് കെഎസ്ആർടിസി ജീവനക്കാർക്ക് കഞ്ഞി കുടിക്കാനുള്ള വക സർക്കാർ ഉണ്ടാകുമെന്ന് മന്ത്രി ഗണേഷ് കുമാർ മറുപടി നൽകിയത്. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകുന്നതിനുള്ള പദ്ധതികൾ തയ്യാറായിട്ടുണ്ടെന്നും ഗണേഷ് കുമാർ സഭയെ അറിയിച്ചു.
ജീവനക്കാർ കള്ളു കുടിച്ച് വണ്ടിയോടിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായുള്ള പരിശോധന ശക്തമാക്കും. കെഎസ്ആര്‍ടിസി വിട്ടുപോയ യാത്രക്കാരെ തിരിച്ചെത്തിക്കും. ഇതിനായി സ്ലീപ്പര്‍ എസി ബസ്സുകള്‍ കൂടുതലായി നിരത്തിലിറക്കും. കെഎസ്ആര്‍ടിസിയില്‍ നവീകരണ പദ്ധതികള്‍ ആറ് മാസത്തിനകം നടപ്പാക്കും. പുതിയ ബസ്സുകള്‍ വാങ്ങിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒരേ ബസ്സില്‍ ഭര്‍ത്താവിന് ഡ്രൈവറും ഭാര്യക്ക് കണ്ടക്ടറുമാകാമെന്ന പുത്തന്‍ ആശയവും മന്ത്രി സഭയില്‍ അവതരിപ്പിച്ചു. പ്രൈവറ്റ്, കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്താത്ത ഉള്‍പ്രദേശങ്ങളില്‍ കെഎസ്ആര്‍ടിസി റൂട്ട് ഫോര്‍മുലേഷന്‍ നടത്തും. ഇത്തരം ഇടങ്ങില്‍ പുതിയ റൂട്ട് രൂപവത്കരിച്ച് കെഎസ്ആര്‍ടിസി പെര്‍മിറ്റ് ലേലം ചെയ്യും. സ്വന്തമായി ബസ്സ് വാങ്ങി ആര്‍ക്കും ഇത്തരം റൂട്ടുകളില്‍ സര്‍വീസ് നടത്താം. ഇങ്ങനെ ഓടുന്ന ബസ്സുകളിലാണ് ഭര്‍ത്താവിന് ഡ്രൈവറും ഭാര്യക്ക് കണ്ടക്ടറുമാകാമെന്ന് മന്ത്രി അറിയിച്ചത്. കൂട്ടുകാര്‍ക്കും ഒരുമിച്ച് ജോലി ചെയ്യാം. ഇതിലൂടെ സര്‍ക്കാറിനും നികുതിയിനത്തില്‍ വരുമാനമുണ്ടാകും. അതത് എംഎല്‍എമാര്‍, ആര്‍ടിഒ, ജോയിൻറ് ആര്‍ടിഒ എന്നിവരുടെ യോഗം ചേർന്നായിരിക്കും പുതിയ റൂട്ട് ഫോര്‍മുലേഷൻ നിശ്ചയിക്കുക.