കേരളത്തിലെ തൊണ്ണൂറു ശതമാനം കെഎസ്ആർടിസി ഡിപ്പോകളും ലാഭത്തിലോ, നഷ്ടത്തിൽ അല്ലാത്ത അവസ്ഥയിലോ എത്തിയെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. നമ്പർ ഇടാത്തതാണ് ബസ് സ്റ്റാൻഡുകളിലെ മിക്ക കടമുറികളും ഒഴിഞ്ഞു കിടക്കാൻ കാരണം. വരുമാനം കൂട്ടി ചെലവ് കുറച്ചാൽ കെഎസ്ആർടിസിയെ ലാഭത്തിൽ എത്തിക്കാമെന്നും ജീവനക്കാരുടെ ശമ്പളം ഒന്നാം തീയതിക്കും അഞ്ചാം തീയതിക്കും ഇടയിൽ നൽകുമെന്നും മന്ത്രി പറഞ്ഞു.
സ്വിഫ്റ്റ് ഡ്രൈവർമാർക്കെതിരെ മന്ത്രി പ്രതികരിച്ചിരുന്നു. സ്വിഫ്റ്റ് ജീവനക്കാർക്കുള്ള വീഡിയോ സന്ദേശത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്. സ്വിഫ്റ്റ് ഡ്രൈവർമാർ അശ്രദ്ധമായി വണ്ടിയോടിക്കുന്നുവെന്നും കണ്ടക്ടർമാരുടെ പെരുമാറ്റം മോശമാണെന്നും കുറ്റപ്പെടുത്തിയ മന്ത്രി സ്ത്രീകളോടും കുട്ടികളോടും മര്യാദയ്ക്ക് പെരുമാറണമെന്നും ആവശ്യപ്പെട്ടു.
ജനങ്ങളോട് ചട്ടമ്പിത്തരം വേണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കൂടാതെ, അപകടമുണ്ടാക്കുന്നതിന്റെ പൂർണ ഉത്തരവാദിത്തവും ചെലവും ഡ്രൈവർമാർക്ക് ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരിക്കൽ കൂടി പരാതി ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.