വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനും, തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ തീരുമാനിക്കുന്നതിനുമായി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തലയും സംസ്ഥാനത്തെത്തി. ഇതിൻ്റെ ഭാഗമായി മുതിർന്ന നേതാക്കൾ, പ്രമുഖ സംസ്ഥാന നേതാക്കൾ, ജില്ലാ പ്രസിഡൻ്റുമാർ, എംപിമാർ, എംഎൽഎമാർ, സംസ്ഥാന ഭാരവാഹികൾ എന്നിവരുമായി ഇരുവരും കൂടിക്കാഴ്ച നടത്തും.
മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടന്നേക്കുമെന്നാണ് സൂചന. ശിവസേനയും, എൻസിപിയും ഉൾപ്പെടുന്ന മഹാ വികാസ് അഘാഡിയുടെ ഭാഗമായ കോൺഗ്രസ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് മഹാരാഷ്ട്രയിൽ കാഴ്ചവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കാനുള്ള ഒരുക്കങ്ങൾക്ക് ആരംഭിച്ചിട്ടുണ്ട്.