NEWSROOM

എമ്പുരാൻ RSS നരേറ്റീവിനെ തകർക്കുന്ന സിനിമയെന്ന് കെ.സി. വേണുഗോപാൽ; ചരിത്രത്തിലെ വസ്തുതകൾ വെട്ടിമാറ്റാൻ സാധിക്കില്ലെന്ന് മുഹമ്മദ് റിയാസ്

"ഗുജറാത്ത് വംശീയഹത്യയ്ക്ക് നേതൃത്വം കൊടുത്തത് ആരാണെന്ന് എല്ലാവർക്കും അറിയാം. അതൊരു സിനിമയിൽ വരുമ്പോൾ എന്തിനാണ് ഇത്ര പ്രശ്നം"

Author : ന്യൂസ് ഡെസ്ക്

വിവാദങ്ങൾ ആളിപ്പടരുന്നതിനിടയിലും എമ്പുരാൻ കണ്ടും പിന്തുണച്ചും വിമർശിച്ചും പ്രമുഖർ. ഏതൊരു സിനിമ കാണാനും, വിമർശിക്കാനും ആർക്കും അധികാരം ഉണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഗുജറാത്ത് വംശീയഹത്യയ്ക്ക് നേതൃത്വം കൊടുത്തത് ആരാണെന്ന് എല്ലാവർക്കും അറിയാം. അതൊരു സിനിമയിൽ വരുമ്പോൾ എന്തിനാണ് ഇത്ര പ്രശ്നം. സെൻസർ ചെയ്ത സിനിമയിലെ ഭാഗങ്ങൾ വെട്ടിമാറ്റാൻ സാധിക്കും. പക്ഷെ ചരിത്രത്തിലെ വസ്തുതകൾ വെട്ടിമാറ്റാൻ സാധിക്കില്ല. പൃഥ്വിരാജിനെ ഒറ്റപ്പെടുത്താൻ നോക്കിയിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കില്ല. ഇത് കേരളമാണ് ഇന്ത്യയാണെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. വിവാദങ്ങൾക്കിടെ എമ്പുരാൻ സിനിമ കണ്ടാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. കുടുംബസമേതമാണ് കോഴിക്കോട്ടെ തിയേറ്ററിൽ മന്ത്രി സിനിമ കാണാൻ എത്തിയത്.

സാങ്കല്പിക കഥയാണ് എന്ന് പറയുമ്പോഴും ആർഎസ്എസ് എന്തിനു വിറളി പിടിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. സാങ്കല്പികമല്ലെന്ന് ആർഎസ്എസ് വിശ്വസിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇപ്പോൾ വന്ന വിവാദം. വസ്തുതപരമായ ചില കാര്യങ്ങൾ പുറത്ത് വന്നിട്ടുണ്ടോ എന്ന ആശങ്കയാണ്. അജണ്ട വെളിച്ചത്തായതിന്റെ ജാള്യതയാണ് കണ്ടത്. ആർഎസ്എസ് സംസ്ഥാനത്ത് ഉണ്ടാക്കിയ നറേറ്റീവിനെ തകർക്കുന്നത് ആണ് സിനിമയെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.

പൃഥ്വിരാജിനും മോഹൻലാലിനും ചാർത്തിക്കൊടുക്കുന്ന പരിവേഷം എന്താണെന്ന് കെ.സി. വേണുഗോപാൽ ചോദിച്ചു. ഇഷ്ടമില്ലാത്തത് പറഞ്ഞതുകൊണ്ടാണ് പൃഥ്വിരാജിനെതിരായ ആക്രമണം. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയത സിനിമയിൽ പറഞ്ഞു വയ്ക്കുന്നുണ്ട്. സിനിമയെ സിനിമയായി കാണു ആദ്യം. സിനിമയെ സിനിമയായി കാണാൻ കഴിയാത്തത് അജണ്ട പുറത്തായത് കൊണ്ടെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.

എമ്പുരാൻ ചിത്രത്തിനെ പിന്തുണച്ച് ഹൈബി ഈഡൻ എംപി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു. "ഇന്ത്യ ഒരുത്തൻ്റെയും തന്തയുടെ വകയല്ല, നട്ടെല്ല്" എന്ന കുറിപ്പോടെ പൃഥ്വിരാജിനും സുപ്രിയക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചായിരുന്നു ഹൈബി ഈഡൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

ആർഎസ്എസ് സൂപ്പർ സെൻസർ ബോർഡായി പ്രവർത്തിക്കുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ് പ്രതികരിച്ചു. ഭരണഘടന ബാഹ്യശക്തികൾ ഇടപെടുന്നു. ജനാധിപത്യ അവകാശത്തിൻ മേലുള്ള കടന്നുകയറ്റമാണ് ഇത്. കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ നേതൃത്വം കൊടുത്തവരാണ് ആർഎസ്എസ്. ഇപ്പോൾ കാണുന്നത്ആർഎസ്എസിന്റെ ഇരട്ടത്താപ്പാണ്. സിനിമാക്കാർ പ്രതികരിക്കാത്തത് ഭയം കൊണ്ടാകാമെന്നും എം.ബി. രാജേഷ് പറഞ്ഞു. 

സിനിമയ്‌ക്കെതിരെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരെയും ഉയർത്തുന്ന സംഘപരിവാർ ഭീഷണിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നുവന്നിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. താനും സിനിമ കണ്ടതായും പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, വിവാദങ്ങൾക്കിടെ എമ്പുരാൻ 200 കോടി ക്ലബിൽ ഇടംപിടിച്ചു. മോഹൻലാലാണ് ഇക്കാര്യം തൻ്റെ ഔദ്യോഗിക പേജിലൂടെ അറിയിച്ചത്. റീ സെൻസർ ചെയ്ത എമ്പുരാൻ്റെ പതിപ്പ് ഇന്ന് തിയേറ്ററിൽ എത്തില്ല. സാങ്കേതിക കാരണങ്ങളാലാണ് റീ സെൻസർ ചെയ്ത പതിപ്പ് എത്താൻ വൈകുന്നത്. വ്യാഴാഴ്ചക്കുള്ളിൽ പുതിയ പതിപ്പ് തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ട്. മൂന്ന് മിനിറ്റോളമാണ് ചിത്രത്തിൽ മാറ്റങ്ങളുള്ളത്. സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കെ തിരുത്തലുകൾ വരുത്തിയ പതിപ്പ് ഇന്ന് തിയറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ തിയേറ്ററുടമകൾക്ക് ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം.

SCROLL FOR NEXT