മൂന്നാമതും എൽഡിഎഫ് സർക്കാർ വരുമെന്ന പ്രചരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പിണറായി 3.0 വരുമെന്നായിരുന്നു പ്രചരണം. മൂന്നാമതും ദുർഭൂതം വരുമെന്നാണോ നിങ്ങൾ പ്രചരിപ്പിച്ചതെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ പരിഹാസം കലർന്ന ചോദ്യം. പ്രസംഗത്തില്‍ ഉടനീളം പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന ഇടതു മുന്നണി സർക്കാരിനെ കെ.സി. വേണുഗോപാല്‍ വിമർശിച്ചു. കോൺഗ്രസിന്റെ വാർഡ് തല മെമ്പർമാരുടെ നേതൃയോഗത്തിലായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രസ്താവന.
ജനം കാത്തിരിക്കുകയാണ് പിണറായിയെ പുറത്താക്കാൻ എന്ന് വേണുഗോപാൽ പറഞ്ഞു. കൊല്ലത്ത് നടന്ന സിപിഐഎം സംസ്ഥാന സമ്മേളന പ്രമേയത്തിൽ കടൽമണൽ ഖനനത്തെ കുറിച്ച് ഒരു വരി പോലുമുണ്ടായിരുന്നില്ലെന്ന് വേണുഗോപാൽ വിമർശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ കരുതിയിരിക്കണം എന്ന മുന്നറിയിപ്പും നേതൃയോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി മുന്നോട്ടുവച്ചു.
പെൻഷൻ നൽകുന്നത് സർക്കാരിൻ്റെ ഔദാര്യമല്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഒരുമിച്ച് നൽകി കണ്ണിൽ പൊടിയിടുന്നു. എല്ലാ തൊഴിലാളി മേഖലയിലും പെൻഷൻ കുടിശികയാണ്. ദൈവത്തിൻ്റെ സ്വന്തം നാട് ചെകുത്താൻ്റെ നാടാക്കി മാറ്റി പിണറായി സർക്കാർ എന്നും വേണുഗോപാൽ ആരോപിച്ചു. ലഹരി എവിടെ നിന്നാണ് വരുന്നത്. ഇത് തടയാൻ പിണറായിയുടെ പൊലീസിനോ, മോദിയുടെ പട്ടാളത്തിനോ കഴിഞ്ഞിട്ടില്ല. നിയമസംവിധാനം തകർത്തുവെന്നും അത് തകർത്ത ക്യാപ്റ്റനാണ് പിണറായി വിജയൻ എന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
അടുത്ത സർക്കാർ യുഡിഎഫ് തന്നെയാണെന്ന് കെ.സി. വോണുഗോപാൽ അറിയിച്ചു. കോൺഗ്രസിന് ഒന്നിലധികം മുഖ്യമന്ത്രിമാരില്ല. ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസവുമില്ല. മാധ്യമങ്ങളുടെ അജണ്ടയിൽ വീഴരുതെന്ന മുന്നറിയിപ്പും വേണുഗോപാൽ പ്രവർത്തകർക്ക് നൽകി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയോട് മാത്രമല്ല പോരാടിയത്. ഇഡി, സിബിഐ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരോടും പോരാടി. രാജ്യത്തെ ജനാധിപത്യം തകർത്തെറിഞ്ഞ പത്ത് വർഷമാണ് കടന്നുപോയതെന്നും തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി മാത്രം ബിജെപി വർഗീയത പറയുന്നുവെന്നും എഐസിസി ജനറൽ സെക്രട്ടറി വിമർശിച്ചു.