NEWSROOM

മൻമോഹൻ സിങ്ങിന് അർഹമായ പരിഗണന നൽകിയില്ല, മക്കൾക്ക് പോലും സംസ്കാര ചടങ്ങുകള്‍ നടക്കുന്നിടത്ത് ഇരിപ്പിടം നല്‍കിയില്ല: കെ.സി. വേണുഗോപാല്‍

കോണ്‍ഗ്രസ്  നേതാക്കളും ബന്ധുക്കളുമായി പ്രതിരോധ വകുപ്പ് ഒരു ചർച്ചയും നടത്തിയില്ലെന്നും കീഴ്‌വഴക്കങ്ങൾ പാലിച്ചില്ലെന്നും വേണുഗോപാല്‍ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

മൻമോഹൻ സിങ്ങിന്‍റെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേന്ദ്രത്തിന്‍റേത് ബാലിശമായ വിശദീകരണം എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ. മൻമോഹൻ സിങ്ങിന്‍റെ വ്യക്തിത്വത്തിന് അർഹമായ പരിഗണന നൽകിയില്ലെന്നും വേണുഗോപാല്‍ ആരോപിച്ചു.

കോണ്‍ഗ്രസ്  നേതാക്കളും ബന്ധുക്കളുമായി പ്രതിരോധ വകുപ്പ് ഒരു ചർച്ചയും നടത്തിയില്ലെന്നും കീഴ്‌വഴക്കങ്ങൾ പാലിച്ചില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. ഏകപക്ഷീയമായ ഉത്തരവ് ഇറക്കുകയും മക്കൾക്ക് പോലും സംസ്കാര ചടങ്ങുകള്‍ നടക്കുന്നിടത്ത് ഇരിപ്പിടം ഉണ്ടായിരുന്നില്ലെന്നും വേണുഗോപാല്‍ ആരോപിച്ചു. മൻമോഹൻ സിങ്ങിന്‍റെ കുടുംബത്തിന് മുൻനിരയിൽ മൂന്ന് കസേരകൾ മാത്രമാണ് ക്രമീകരിച്ചിരുന്നത്. മുൻ പ്രധാനമന്ത്രിയുടെ മക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഇരിപ്പിടം വേണമെന്ന് നിർബന്ധപൂർവം ആവശ്യപെടേണ്ടി വന്നുവെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. അന്തരിച്ച പ്രധാനമന്ത്രിയുടെ വിധവയ്ക്ക് ദേശീയ പതാക കൈമാറുമ്പോഴോ ഗൺ സല്യൂട് നല്‍കുമ്പോഴോ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും എഴുന്നേറ്റില്ലെന്നും കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം പവന്‍ ഖേരയും ആരോപിച്ചിരുന്നു.



ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ സ്മാരകവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. സംസ്കാരം നടന്ന ഇടത്താണ് സാധാരണ സ്മാരകം വേണ്ടത്. കൃത്യമായ അജണ്ട ഇല്ലായിരുന്നു എങ്കിൽ കേന്ദ്രസർക്കാർ വിചാരിച്ചാൽ രണ്ടുദിവസം കൊണ്ട് സ്ഥലം കണ്ടെത്താനാകുമായിരുന്നു. എന്തോ ഗൂഢ അജണ്ടയുണ്ടെന്നത് വ്യക്തമാണെന്നും വേണുഗോപാല്‍ പറഞ്ഞു. മൻമോഹൻ സിങ്ങിന്‍റെ കാര്യം പറയുമ്പോൾ നരസിംഹ റാവുവിന്‍റെ കാര്യവും പ്രണബ് മുഖർജിയുടെ കാര്യവും അല്ല പറയേണ്ടത്. പൊതു വികാരം മനസിലാക്കി തിരുത്തുന്നതിന് പകരം കോൺഗ്രസിനെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. അവർക്കുള്ള കുറ്റബോധമാണ് അത് പറയിപ്പിക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേർത്തു.

എന്നാല്‍, ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം കൈമാറുന്നതിന് ഏതാനും നടപടിക്രമങ്ങള്‍ പൂർത്തിയാക്കേണ്ടതുണ്ടെന്നും അതിനാല്‍ സംസ്കാര ചടങ്ങ് യമുനാ തീരത്തെ നിഗംബോധ് ഘട്ടില്‍ നടക്കട്ടെയെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്‍റെ നിലപാട്. ഇക്കാര്യം മന്‍മോഹന്‍ സിങ്ങിന്‍റെ കുടുംബത്തെയും കോണ്‍ഗ്രസ് അധ്യക്ഷനേയും അറിയിച്ചിരുന്നതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം, സ്മാരകത്തിന് ഏവിടെയാണ് സ്ഥലം അനുവദിക്കുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

SCROLL FOR NEXT