NEWSROOM

"റഷ്യൻ കൂലിപട്ടാളത്തിൽ കുടുങ്ങിക്കിടക്കുന്ന യുവാവിൻ്റെ മോചനം വേഗത്തിലാക്കണം"; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

വീണ്ടും യുദ്ധമുഖത്തേക്കിറങ്ങാൻ റഷ്യൻ സൈന്യം ആവശ്യപ്പെട്ടതിന് പിന്നാലെ വീഡിയോ സന്ദേശവുമായി ജെയിൻ തന്നെ രംഗത്ത് വന്നിരുന്നു.

Author : ന്യൂസ് ഡെസ്ക്

തൊഴില്‍ തട്ടിപ്പിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിക്കിടക്കുന്ന തൃശൂര്‍ സ്വദേശി ജെയിന്‍ കുര്യന്റെ മോചനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് കത്തയച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വോണുഗോപാൽ. ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജെയിൻ മൂന്ന് മാസക്കാലമായി ചികിത്സയിലായിരുന്നു. വീണ്ടും യുദ്ധമുഖത്തേക്കിറങ്ങാൻ റഷ്യൻ സൈന്യം ആവശ്യപ്പെട്ടതിന് പിന്നാലെ വീഡിയോ സന്ദേശവുമായി ജെയിൻ തന്നെ രംഗത്ത് വന്നിരുന്നു.


യുദ്ധത്തില്‍ പങ്കെടുത്ത് ഗുരുതര പരിക്കേറ്റ് റഷ്യയില്‍ ചികിത്സയില്‍ കഴിയുന്ന ജെയിന്‍ സുഖം പ്രാപിച്ചുവരികയാണ്. വീണ്ടും യുദ്ധമുഖത്തേക്ക് തിരിച്ചയക്കപ്പെടുമെന്ന ഭീതിയിലാണ് ജെയിന്‍. സഹായമഭ്യര്‍ഥിച്ച് ജെയിന്‍ ഒരു വീഡിയോ സന്ദേശം അയച്ചിരുന്നു. പൗരാവകാശങ്ങളുടെ ലംഘനമാണ് ജെയിന്‍ നേരിടുന്നത്. ജെയിനിന്റെ ദുരിതം അദ്ദേഹത്തിന്റെ കുടുംബത്തിന് താങ്ങാവുന്നതിന് അപ്പുറമാണെന്നും കത്തിൽ പറയുന്നു. 

ജെയിന്റെതിന് സമാനമായ ദുരിതം നേരിടുന്ന 18 ഓളം ഇന്ത്യന്‍ പൗരന്‍മാര്‍ തൊഴില്‍ തട്ടിപ്പിന് ഇരയായി റഷ്യ-ഉക്രെയ്ന്‍ യുദ്ധമുഖത്തുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരം മനസിലാക്കുന്നത്. ഇവരുടെയെല്ലാം മോചനത്തിനും സുരക്ഷിതമായി ഇന്ത്യയിലെത്തിക്കുന്നതിനും കേന്ദ്രസര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

കൂലിപ്പട്ടാളത്തിലേക്കുള്ള മനുഷ്യ കടത്തിനും ജോലി തട്ടിപ്പിനും ഇരയായി ഒരു വർഷത്തിലേറെയായി റഷ്യയിൽ കുടുങ്ങിക്കിടക്കുകയാണ് വടക്കാഞ്ചേരി, കുറാഞ്ചേരി സ്വദേശിയായ ജെയ്ൻ കുര്യൻ. റഷ്യൻ ആർമിയുടെ ഭാഗമായി യുദ്ധമുഖത്ത് ജോലി ചെയ്യുന്നതിനിടെയാണ് ജനുവരി ഏഴിന് ഷെല്ലാക്രമണത്തിൽ ജെയ്നിന് ഗുരുതരമായി പരിക്കേൽക്കുന്നത്. ഒപ്പം ജോലി നോക്കിയിരുന്ന സഹോദരി ഭർത്താവ് ബിനിൽ ബാബു യുദ്ധത്തിൽ മരിച്ചത് ആശുപത്രി കിടക്കയിൽ വച്ചാണ് ജെയ്ൻ ബന്ധുക്കളെ അറിയിച്ചത്. ന്യൂസ് മലയാളം അടക്കമുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തതോടെ അടിയന്തര സർക്കാർ ഇടപെടൽ ഉണ്ടാവുകയും ജയിന്റെ മോചനത്തിനായും വിനിലിന്റെ മൃതദേഹം വിട്ടു കിട്ടാനുമുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ മൂന്നുമാസത്തിലേറെയായി ഇക്കാര്യങ്ങളിൽ പുരോഗതി ഇല്ലാതിരിക്കുമ്പോഴാണ് പട്ടാളത്തിലേക്ക് തിരികെ മടങ്ങണമെന്നുള്ള അറിയിപ്പ് ജെയ്നിന് വീണ്ടും ലഭിക്കുന്നത്.

ഏജന്റുമാരുടെ തട്ടിപ്പിനിരയായി റഷ്യൻ കൂലി പട്ടാളത്തിന്റെ ഭാഗമായ ജെയ്ൻ അടക്കമുള്ളവർക്ക് ഒരു വർഷത്തെ കരാറാണ് റഷ്യൻ ആർമിയുമായി ഒപ്പിടേണ്ടിവന്നത്. എന്നാൽ ഏപ്രിൽ 14ന് ഈ കരാർ അവസാനിച്ചിരുന്നു. പക്ഷേ ഇതൊന്നും പരിഗണിക്കാതെയാണ് പരിക്കിൽ നിന്നും പൂർണമായും മോചിതനാകാത്ത തന്നെ വീണ്ടും കൂലി പട്ടാളത്തിൻ്റെ ഭാഗമാക്കാൻ നീക്കം നടക്കുന്നത് എന്നും ജെയ്ൻ പറയുന്നു. ജനുവരിയിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ ബിനിൽ ബാബു മരിക്കുകയും ജെയ്ൻ കുര്യന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതോടെ വിഷയത്തിൽ ഇടപെടുമെന്നും തുടർനടപടികൾ വേഗത്തിലാക്കും എന്നും കേന്ദ്രസർക്കാരും വിദേശകാര്യമന്ത്രാലയവും അറിയിച്ചിരുന്നു. എന്നാൽ ബിനിലിന്റെ മൃതദേഹം വിട്ടുകിട്ടുന്ന കാര്യത്തിൽ അടക്കം മാസങ്ങൾ പിന്നിട്ടിട്ടും തുടർനടപടികൾ ഇല്ലാതായതോടെ കടുത്ത മാനസിക പ്രയാസത്തിലും ദുഃഖത്തിലും ആണ് ഇരുവരുടെയും കുടുംബങ്ങൾ.

SCROLL FOR NEXT