കേരള ക്രിക്കറ്റ് അസോസിയേഷനില്‍ പരിശീലനത്തിനെത്തിയ പെണ്‍കുട്ടികളെ പീഡിപ്പിച്ച കെസിഎ ക്രിക്കറ്റ് കോച്ച് എം.മനുവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.
കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ തിരുവനന്തപുരത്തെ പരീശീലകനായിരുന്നു മനു. പരിശീലനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തെങ്കാശിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് മനുവിനെതിരായ പരാതി. കുട്ടികളുടെ നഗ്‌ന ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഒരു പെണ്‍കുട്ടി പരാതിയുമായി രംഗത്തെത്തിയതോടെ അഞ്ച് പെണ്‍കുട്ടികള്‍ കൂടി പരാതി നല്‍കുകയായിരുന്നു. ചെറുപ്രായത്തില്‍ സംഭവിച്ച പീഡനത്തില്‍ മാനസികമായ തകര്‍ന്ന പെണ്‍കുട്ടി വീട്ടുകാരോട് വിവരങ്ങള്‍ പങ്കുവെച്ചിരുന്നില്ല. പിന്നീട് പെണ്‍കുട്ടിയില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. മുമ്പും മനു പീഡനക്കേസില്‍ പ്രതിയായിട്ടുണ്ട്. തുടര്‍ന്ന് അറസ്റ്റിലാവുകയും ഈ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേസില്‍ നിന്നും പെണ്‍കുട്ടി പിന്മാറിയതോടെ മനു കുറ്റവിമുക്തനാവുകയായിരുന്നു. സമ്മര്‍ദത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി പിന്മാറിയതെന്നാണ് പിന്നീട് പരാതിയുമായി വന്ന കുട്ടികള്‍ പറഞ്ഞത്.
മനുഷ്യവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും മനുവിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. മനുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലായെന്നാണ് കെ സി എ പറയുന്നത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കോച്ചായിരുന്ന മനു. പരാതി ഉയർന്ന് വന്നപ്പോഴാണ് അസോസിയേഷന്‍ ഇക്കാര്യം അറിഞ്ഞതെന്നും കെസിഎ വാര്‍ത്ത സമ്മേളനത്തിലൂടെ പറഞ്ഞു.