NEWSROOM

ബ്രിട്ടനിൽ വിജയമുറപ്പിച്ച് ലേബർ പാർട്ടി; ഇത് മാറ്റത്തിൻ്റെ തുടക്കമെന്ന് കിയർ സ്റ്റാർമർ

തൊഴിലാളി വർ​ഗത്തിന് വേണ്ടി ബ്രിട്ടനെ പുതുക്കി പണിയുമെന്നും, രാഷ്ട്ര സേവനത്തിന് തയ്യാറാണെന്നും കെയ്ർ സ്റ്റാർമർ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

യുകെ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ, ലേബർ പാർട്ടി 326 സീറ്റുകളുമായി കേവല ഭൂരിപക്ഷമുറപ്പിച്ചിരിക്കുകയാണ്. വിജയമുറപ്പിച്ചതോടെ നിയുക്ത പ്രധാനമന്ത്രി കിയർ സ്റ്റാർമർ ഏറെ ആത്മവിശ്വാസത്തോടെയാണ് പ്രതികരിച്ചിരിക്കുന്നത്. മാറ്റത്തിൻ്റെ തുടക്കമെന്നാണ് സ്റ്റാർമർ വിജയത്തെ വിശേഷിപ്പിച്ചത്. തൊഴിലാളി വർ​ഗത്തിന് വേണ്ടി ബ്രിട്ടനെ പുതുക്കി പണിയുമെന്നും, രാഷ്ട്ര സേവനത്തിന് തയ്യാറാണെന്നും കിയർ സ്റ്റാർമർ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു.

ലേബർ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച ബ്രിട്ടനിലെ ജനങ്ങൾക്കും, അവരുടെ കഠിനാധ്വാനത്തിനും സ്റ്റാർമർ നന്ദി പറഞ്ഞു. ഈ നിമിഷം ആഘോഷിക്കാനും സ്റ്റാർമർ ആഹ്വാനം ചെയ്തു. രാഷ്ട്രീയത്തെ പൊതുസേവനത്തിലേക്ക് തിരികെ കൊണ്ടുവരണം. രാഷ്ട്ര നവീകരണത്തിനായി തൻ്റെ സർക്കാർ പ്രവർത്തിക്കുമെന്ന് സ്റ്റാർമർ വേദിയിൽ പ്രതിജ്ഞ ചെയ്തു. മധ്യ ലണ്ടനിലെ വിജയ റാലിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു സ്റ്റാർമർ. നാലര വർഷത്തോളമായി പാർട്ടിയെ ഈ വിജയത്തിന് വേണ്ടി പരിവർത്തനം ചെയ്യുകയായിരുന്നുവെന്നും, യുകെയ്ക്ക് അതിൻ്റെ ഭാവി തിരിച്ചുകിട്ടിയെന്നും വിജയ പ്രസം​ഗത്തിൽ സ്റ്റാർമർ പറഞ്ഞു.

എന്നാൽ, കൺസർവേറ്റീവ് പാർട്ടി, ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്ക് കൂപ്പുകുത്തിയതോടെ, തോൽവിയുടെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്ന് റിഷി സുനക്കും പ്രതികരിച്ചിരുന്നു. ലേബർ പാർട്ടി തെരഞ്ഞെടുപ്പിൽ വിജയിച്ചുവെന്നും, ആശംസയറിയിക്കാൻ താൻ സ്റ്റാർമറിനെ വിളിച്ചിരുന്നുവെന്നും റിഷി സുനക്ക് പറഞ്ഞു. അഭിപ്രായ വോട്ടെടുപ്പിൽ കൺസർവേറ്റീവുകൾ ലേബറിനെക്കാൾ 20 പോയിൻ്റിന് പിന്നിലായതോടെ, ഇത്തവണ മെയ് മാസത്തിൽ നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു റിഷി സുനക്ക്.

എക്സിറ്റ് പോൾ ഫലമായ 650 അം​ഗ പാർലമെൻ്റിൽ 400 സീറ്റ് ലേബർ പാർട്ടി നേടുമോ എന്നത് ഔദ്യോ​ഗിക ഫലങ്ങൾ വരുന്നതോടെ അറിയാൻ സാധിക്കും. 131 സീറ്റുകളാണ് റിഷി സുനക്കിൻ്റെ കൺസർവേറ്റീവ് പാർട്ടിക്ക് ലഭിക്കുമെന്ന് പോൾ ഫലങ്ങൾ പറയുന്നത്.

SCROLL FOR NEXT