NEWSROOM

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി കിയർ സ്റ്റാർമർ ചുമതലയേറ്റു; ഇന്ത്യയും യുകെയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപനം

2020 ൽ ബ്രിട്ടനിൽ നടന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ നയിക്കാൻ കിയർ സ്റ്റാർമറെ നിയോഗിച്ചപ്പോൾ ഏറ്റവും ദയനീയമായ തോൽവിയാണ് ലേബർ പാർട്ടിയ്ക്ക് ഏറ്റു വാങ്ങേണ്ടി വന്നത്.

Author : ന്യൂസ് ഡെസ്ക്

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി കിയർ സ്റ്റാർമർ ചുമതലയേറ്റു. ലേബർ പാർട്ടിയിൽ നിന്നാണ് കിയർ സ്റ്റാർമർ അധികാരത്തിലേക്ക് എത്തുന്നത്. മുൻ പ്രധാനമന്ത്രി ഋഷി സുനകിനെതിരെ അട്ടിമറി വിജയം നേടിയാണ് കിയർ സ്റ്റാർമർ പ്രധാനമന്ത്രി പദത്തിലെത്തിയത്. ഇത് കൺസർവേറ്റീവ് പാർട്ടിയ്ക്കും ഋഷി സുനകിനും കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. 2010 മുതൽ അധികാരത്തിൽ നിന്ന് പുറത്തായ ലേബർ പാർട്ടിയുടെ പ്രതാപം വീണ്ടെടുക്കാനാണ് കിയർ സ്റ്റാർമറെ പാർട്ടി നിയോഗിച്ചത്. ആ ദൗത്യം നിറവേറ്റുന്നതിൽ കിയർ സ്റ്റാർമർ പൂർണമായും വിജയിച്ചു.

ബ്രെക്‌സിറ്റ് പ്രവർത്തനക്ഷമമാക്കാനും യൂറോപ്യൻ യൂണിയനുമായി നല്ല രീതിയിലുള്ള സുരക്ഷ ഉടമ്പടിയുമായി മുന്നോട്ട് പോകാനും പാർട്ടി തീരുമാനിച്ചിച്ചുണ്ട്.
യുകെയുടെ വിദേശനയത്തിലെ മറ്റൊരു പ്രധാന തീരുമാനം ഇന്ത്യയും യുകെയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ്. ഇന്ത്യയുമായി പുതിയ നയതന്ത്ര പങ്കാളിത്തവും ഉറപ്പാക്കുമെന്ന് സ്റ്റാർമർ പ്രതിജ്ഞ ചെയ്തു.

യുകെയിലെ ഇന്ത്യൻ പ്രവാസികളുമായുള്ള ബന്ധം മെച്ചപ്പെടുത്തുവാനുള്ള ശ്രമത്തിൻ്റെ ഭാഗമായി ദീപാവലി,ഹോളി തുടങ്ങിയ ഉത്സവങ്ങൾക്ക് പ്രധാന്യം നൽകുമെന്നും സ്റ്റാർമർ അറിയിച്ചു. അതേ സമയം വിദേശ നയങ്ങൾ നടപ്പിലാക്കുന്നതിൽ സ്റ്റാർമർക്ക് മുന്നിൽ ഒട്ടേറെ വെല്ലുവിളികളുണ്ട്. കുടിയേറ്റ നയങ്ങളും വ്യാപാരക്കരാറുകളും അവയിൽ ചിലതാണ്. മാറ്റത്തിൻ്റെ തുടക്കമെന്നാണ് സ്റ്റാർമർ ലേബർ പാർട്ടിയുടെ വിജയത്തെ വിശേഷിപ്പിച്ചത്. തൊഴിലാളി വർ​ഗത്തിന് വേണ്ടി ബ്രിട്ടനെ പുതുക്കി പണിയുമെന്നും, രാഷ്ട്ര സേവനത്തിന് തയ്യാറാണെന്നും കിയർ സ്റ്റാർമർ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു.

2020 ൽ ബ്രിട്ടനിൽ നടന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ നയിക്കാൻ കിയർ സ്റ്റാർമറെ നിയോഗിച്ചപ്പോൾ ഏറ്റവും ദയനീയമായ തോൽവിയാണ് ലേബർ പാർട്ടിയ്ക്ക് ഏറ്റു വാങ്ങേണ്ടി വന്നത്. നാല് വർഷത്തിന് ശേഷവും തെരഞ്ഞെടുപ്പ് കളത്തിലേക്ക് കിയർ സ്റ്റാർമർ എത്തുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ലേബർ പാർട്ടിയും പ്രതീക്ഷിച്ചില്ല. കനത്ത പരാജയത്തിൽ നിന്നും കരകയറാൻ ഇത്തവണ വിജയം ഉറപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ലേബർ പാർട്ടിയ്ക്കും കിയർ സ്റ്റാർമറിനും ഉണ്ടായുള്ളു.

കൺസർവേറ്റീവ് പാർട്ടിയുടെ 14 വർഷത്തെ ഭരണത്തിന് ശേഷം ബ്രിട്ടനിൽ ഇത് ലേബർ പാർട്ടിയുടെ പുതിയ ഉദയമാണ്. പാർട്ടിയുടെ പ്രതാപം വീണ്ടെടുക്കുന്നതിലും വോട്ടർമാരിലേക്ക് അതിൻ്റെ സ്വാധീനം എത്തിക്കുന്നതിലും കിയർ സ്റ്റാർമർ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടു എന്ന് തന്നെ പറയാം.


SCROLL FOR NEXT