ജാമ്യം ലഭിച്ച് രണ്ട് ദിവസത്തിനകം രാജി പ്രഖ്യാപനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഞായറാഴ്ച ഉച്ചയോടെ നടന്ന പൊതുയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ രാജി പ്രഖ്യാപനം. 48 മണിക്കൂറിനകം സ്ഥാനമൊഴിയുമെന്ന് കെജ്‌രിവാൾ അറിയിച്ചു.
"നീതിപീഠത്തില്‍ നിന്ന് എനിക്ക് നീതി കിട്ടി. ഇനി ജനങ്ങളുടെ കോടതിയില്‍ നിന്നും നീതി ലഭിക്കും. അവരുടെ വിധി വന്നതിനു ശേഷമേ മുഖ്യമന്ത്രി കസേരയില്‍ ഞാന്‍ ഇരിക്കുകയുള്ളൂ. രണ്ട് ദിവസത്തിനുള്ളില്‍ രാജി വെക്കും. ഡൽഹിയിൽ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഡൽഹിയിലെ ജനങ്ങളോട് ചോദിക്കുന്നു കെജ്‌രിവാൾ നിരപരാധിയാണോ അതോ കുറ്റക്കാരനാണോ? ഞാൻ ജനങ്ങൾക്കായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ എനിക്ക് വോട്ട് ചെയ്യൂ. " കെജ്‌രിവാൾ പറഞ്ഞു.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതോടെ ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് അരവിന്ദ് കെജ്‌രിവാൾ അറിയിച്ചിരുന്നു. ഹരിയാന തെരഞ്ഞെടുപ്പ് അടുത്തതോടെ ഇനി ശ്രദ്ധ മുഴുവൻ അതിൽ കേന്ദ്രീകരിക്കുമെന്നായിരുന്നു ലഭ്യമായ വിവരം.
കഴിഞ്ഞ ദിവസമാണ് ഡൽഹി മദ്യനയ അഴിമതി കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കെജ്‌രിവാൾ ജയിൽ മോചിതനാകുന്നത്. തീഹാർ ജയിലിന് പുറത്ത് പ്രവർത്തകർ വൻ സ്വീകരണമാണ് ഒരുക്കിയത്. ജനങ്ങൾക്കായി സേവനം തുടരുമെന്ന് കെജ്‌രിവാൾ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന വേളയിൽ പറഞ്ഞു. സത്യം തൻ്റെ ഭാഗത്താണെന്ന് തെളിഞ്ഞു. ദൈവം തൻ്റെ കൂടെയാണെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിരുന്നു.
ഉപാധികളോടെയാണ് കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലോ ഡല്‍ഹി സെക്രട്ടറിയേറ്റിലോ പ്രവേശിക്കാന്‍ സാധിക്കില്ല. മാത്രമല്ല, ലെഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേനയുടെ അനുമതിയില്ലാതെ സർക്കാർ ഫയലുകളില്‍ ഒപ്പുവെയ്ക്കാന്‍ കഴിയില്ല. 10 ലക്ഷം രൂപയുടെ ബോണ്ടിലും അത്രയും തന്നെ തുകയുടെ ആൾജാമ്യത്തിലുമായിരുന്നു കെജ്‍രിവാളിന്‍റെ മോചനം. ഇതിനു പുറമെ ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളുമായി സംസാരിക്കാനോ പ്രസ്താവനകള്‍ നടത്താനോ കെജ്‌രിവാളിന് അനുമതിയുണ്ടാവുകയില്ലെന്നും വ്യക്തമാക്കിയിരുന്നു.
ജൂണ്‍ 25ന് കള്ളപ്പണം വെളുപ്പിക്കലില്‍ ഇഡി കേസില്‍ ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കെജ്‍രിവാളിനെ തീഹാര്‍ ജയിലില്‍ സിബിഐ ചോദ്യം ചെയ്യുകയും, ജൂണ്‍ 26ന് കോടതി അനുമതിയോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.117 ദിവസങ്ങൾക്ക് ശേഷമാണ് കെജ്‌രിവാൾ ജയിൽ മോചിതനാകുന്നത്.