ആർ.കെ. ഷണ്മുഖം ചെട്ടി 
NEWSROOM

ഷണ്മുഖം ചെട്ടി മുതൽ ജോൺ മത്തായി വരെ; യൂണിയൻ ബജറ്റിൽ കേരളത്തിനും പറയാനുണ്ട് അഭിമാനിക്കാവുന്ന ചരിത്രം

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ യൂണിയൻ ബജറ്റ് അവതരിപ്പിച്ചത് അന്നത്തെ ധനമന്ത്രിയും മുൻ കൊച്ചി ദിവാനുമായിരുന്ന ആർ.കെ. ഷണ്മുഖം ചെട്ടി ആയിരുന്നു

Author : ന്യൂസ് ഡെസ്ക്

ഈ മാസം 23ന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോൾ കേരളത്തിനും പറയാനുണ്ട് ഏറെ അഭിമാനിക്കാവുന്ന ചരിത്രം. കൊച്ചി ദിവാൻ ആയിരുന്ന ഷണ്മുഖം ചെട്ടി മുതൽ ജോൺ മത്തായി വരെയുള്ളവരുടെ നീണ്ട ചരിത്രം. എന്തെന്നാൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ യൂണിയൻ ബജറ്റ് അവതരിപ്പിച്ചത് അന്നത്തെ ധനമന്ത്രിയും മുൻ കൊച്ചി ദിവാനുമായിരുന്ന ആർ.കെ. ഷണ്മുഖം ചെട്ടി ആയിരുന്നു. 1947 നവംബർ 26നാണത്.

കോൺഗ്രസുകാരൻ അല്ലാതിരുന്ന ഷണ്മുഖത്തെ നെഹ്റു ധനമന്ത്രിയാക്കിയത് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പ്രാതിനിധ്യം നൽകുന്നതിനായിരുന്നു. എന്നാൽ, അതിന്റെ കാലയളവ് വളരെ കുറവായിരുന്നു. നെഹ്റുവുമായുള്ള അഭിപ്രായവ്യത്യാസത്തിൽ പടിയിറങ്ങിയ ഷണ്മുഖം ചെട്ടി, മദിരാശി സംസ്ഥാനത്തെത്തിയ ശേഷം അവിടെ നിയമസഭാംഗമായി. ഷണ്മുഖം ചെട്ടി മാറിയപ്പോൾ, പകരം ധനമന്ത്രിയാക്കിയതും ഒരു പൂർണ മലയാളിയായ ജോൺ മത്തായിയെ ആയിരുന്നു.

ടാറ്റയിലെ പഴയ ജനറൽ മാനേജരായ ജോൺ മത്തായി അതിവേഗ പദ്ധതികളുടെ വിശ്വാസിയായിരുന്നു. ബജറ്റിലെ പദ്ധതികളിൽ മാത്രമല്ല, ബജറ്റ് വായനയിലും ആ വേഗം ഉണ്ടായിരുന്നു. ബജറ്റിലെ പ്രധാന നിർദേശങ്ങൾ മാത്രമേ അദ്ദേഹം വായിക്കുമായിരുന്നുള്ളൂ. കൂടാതെ പൂർണ ബജറ്റ് അംഗങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്യും. എന്നാൽ ജോൺ മത്തായിയും ധനമന്ത്രാലയത്തിൽ അധിക കാലം നിന്നില്ല. നയത്തിലെ അന്തരമായിരുന്നു പ്രധാന പ്രശ്നം.

റഷ്യൻ മാതൃകയിൽ ആസൂത്രണ കമ്മീഷൻ നെഹ്റു നിർദേശിച്ചപ്പോൾ അത് വളർച്ചയെ തളർത്തുമെന്ന് ജോൺ മത്തായി നിലപാട് എടുത്തു. നെഹ്റു ആസൂത്രണ കമ്മീഷനും പഞ്ചവൽസര പദ്ധതികളുമായി മുന്നോട്ടുപോയി. ജോൺ മത്തായി രാജിവെച്ച് പഴയ തട്ടകമായ ടാറ്റയിലേക്കും തിരിച്ചെത്തി. എന്നാൽ, ആദ്യ രണ്ടു പേർക്ക് ശേഷം മലയാളി ബന്ധമുള്ള മന്ത്രിമാർ പിന്നെ ധനമന്ത്രാലയത്തിൽ എത്തിയതുമില്ല.

SCROLL FOR NEXT