NEWSROOM

നിയമസഭ കയ്യാങ്കളി: യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരായ കേസ് റദ്ദാക്കി

വനിതാ എംഎല്‍എമാരെ തടഞ്ഞുവെച്ചെന്ന പരാതിയിലാണ് കേസെടുത്തത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നിയമസഭ കയ്യാങ്കളിയില്‍ യു.ഡി.എഫ് എംഎല്‍എമാര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. വനിതാ എംഎല്‍എമാരെ തടഞ്ഞുവെച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ശിവദാസന്‍ നായര്‍, എം.എ വാഹിദ്, ഡൊമിനിക് പ്രസൻ്റേഷൻ തുടങ്ങിയവര്‍ക്കെതിരെയായിരുന്നു കേസ്.

കെ.കെ ലതിക, ജമീല പ്രകാശം എന്നിവരാണ് കേസ് നൽകിയത്. അന്യായമായി തടഞ്ഞുവച്ചെന്നും കൈയേറ്റം ചെയ്‌തെന്നുമാണ് കേസ്.


ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് 2015 മാര്‍ച്ച് 13 ന് അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയില്‍ ഉണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ടാണ് യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തത്. ശിവദാസന്‍ നായരായിരുന്നു കേസിലെ ഒന്നാം പ്രതി. ശിവദാസന്‍ നായര്‍ വനിതാ എംഎൽഎയെ മനപൂര്‍വം തള്ളി താഴെയിട്ടെന്നും മറ്റുള്ളവര്‍ തടഞ്ഞുവെച്ചുവെന്നുമായിരുന്നു എഫ്‌ഐആറില്‍ ഉണ്ടായിരുന്നത്.

ബാര്‍ കോഴക്കേസിലെ പ്രതിയായ കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടത് എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്. സഭയില്‍ 2,20,093 രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പൊലീസ് കേസ്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് പുറമെ, മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി.ജലീല്‍ എംഎല്‍എ, മുന്‍ എം എല്‍എ മാരായ കെ. അജിത്, കുഞ്ഞ്അഹമ്മദ്, സി.കെ.സദാശിവന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതി ഇവരുടെ ആവശ്യം തള്ളി. 

SCROLL FOR NEXT