പ്രവചനാതീതമായ സംഭവവികാസങ്ങൾക്കായിരിക്കും ഇന്നും നിയമസഭ സാക്ഷ്യം വഹിക്കുക. ഇടഞ്ഞുനിൽക്കുന്ന ഭരണപക്ഷ എംഎല്‍എ പി. വി. അൻവർ ഇന്ന് നിയമസഭയിലെത്തും. പ്രതിപക്ഷത്തിരുന്ന് അൻവർ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതേസമയം, സഭ പ്രക്ഷുബ്ധമാക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്‍റെയും തീരുമാനം.
കഴിഞ്ഞ നിയമസഭാ സമ്മേളനകാലത്ത് ഭരണപക്ഷ സീറ്റിലിരുന്ന് പ്രതിപക്ഷ നേതാവിനെതിരെ ഏറ്റവും വലിയ കോഴ ആരോപണം ഉന്നയിച്ച എംഎൽഎയാണ് പി.വി. അൻവർ. ഇടതുപാളയം വിട്ട അൻവറിന് ഇനിമുതൽ പ്രതിപക്ഷ നിരയിൽ പിൻഭാഗത്തായാണ് സീറ്റ്. വിദൂരത്തിരുന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവർക്കെതിരെ വാക് ശരങ്ങൾ പ്രയോഗിച്ചുപോന്ന അൻവറിന്‍റെ കണ്ണെത്തും ദൂരത്താണ് ഇന്ന് പിണറായി വിജയൻ. എന്തായിരിക്കും അൻവറിന്‍റെ പുതിയ പദ്ധതിയും നീക്കവും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ആരോപണത്തിന്റെ പേപ്പർ കഷ്ണം ഉയർത്തി മുഖ്യമന്ത്രിക്ക് നേരെ വിരൽചൂണ്ടുമോയെന്ന് കണ്ടറിയണം.
Also Read: കേരള നിയമസഭയ്‌ക്ക് പ്രതിപക്ഷം ഉണ്ടാക്കിയത് തീരാക്കളങ്കം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
കഴിഞ്ഞ ദിവസത്തിന്‍റെ തുടർച്ചയായിരിക്കും പ്രതിപക്ഷത്തിന്‍റെ നിലപാട്. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച് വിഷയമാണ് സഭ നിർത്തിവച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷം നോട്ടീസ് നൽകുക. വിഷയം ചർച്ചയ്ക്കെടുക്കുമോ അതോ തള്ളിക്കളയുമോ എന്നതും നിർണായകമാകും. സമകാലിക രാഷ്ട്രീയ വിഷയങ്ങൾ അക്കമിട്ട് പ്രതിപക്ഷം ഉന്നയിക്കും. പ്രതിപക്ഷത്തിൻ്റെ ആയുധങ്ങളെ പ്രതിരോധിക്കാൻ ഇടതുമുന്നണിക്ക് കാര്യമായ വിഷയങ്ങളില്ലെന്നതും തിരിച്ചടിയാണ്.
Also Read: സ്പീക്കറെ കയ്യേറ്റം ചെയ്യാൻ ബോധപൂർവമായ ശ്രമം; പ്രതിപക്ഷ നേതാവിനെ അപമാനിച്ചിട്ടില്ല: ടി.പി. രാമകൃഷ്ണൻ
അതേസമയം, വയനാട് ഉരുൾപൊട്ടലിൽ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട് ചട്ടം 300 അനുസരിച്ചുള്ള പ്രസ്താവന മുഖ്യമന്ത്രി ഇന്ന് സഭയില്‍ നടത്തും. കലുഷിതമാകുന്ന സഭ പ്രതിപക്ഷം ബഹിഷ്കരിക്കുമോ സഹകരിക്കുമോയെന്നതും കണ്ടറിയാം.