അൻസാഫും ശ്രേയയും 
NEWSROOM

ആധിപത്യം നഷ്ടപ്പെട്ട് പാലക്കാട്; വേഗതാരങ്ങളായി അൻസാഫും ശ്രേയയും; സ്കൂൾ കായികമേളയിൽ നാലാം ദിനവും കുതിർപ്പ് തുടർന്ന് തിരുവനന്തപുരം

ഇതുവരെ 206 സ്വർണം ഉൾപ്പെടെ 1776 പോയിന്റോടെ തിരുവനന്തപുരം ബഹുദൂരം മുൻപിലാണ്

Author : ന്യൂസ് ഡെസ്ക്

സ്കൂൾ കായികമേളയിൽ വേഗതാരങ്ങളായി എറണാകുളത്തിൻ്റെ അൻസാഫും ആലപ്പുഴയുടെ ശ്രേയയും. പാലക്കാടൻ ആധിപത്യത്തിന് ഇളക്കം തട്ടിയ 100 മീറ്റർ ഓട്ടത്തിൽ ഇക്കുറിയും മീറ്റ് റെക്കോർഡുകൾ പിറന്നില്ല.

12.54സെക്കൻ്റിലാണ് ജൂനിയർ പെൺകുട്ടികളിൽ നിന്ന് ആലപ്പുഴയുടെ ശ്രേയ ആർ വേഗറാണിയായി ഓടി കയറിയത്. സീനിയർ വിഭാഗത്തിലെ മെഡൽ ജേതാവിനെയും പിന്തള്ളിയാണ് ശ്രേയയുടെ നേട്ടം. കഴിഞ്ഞ വർഷം ജൂനിയർ ആണ്കുട്ടികളുടെ 100 മീറ്ററിൽ വേഗരാജാവായ അൻസ്വാഫ് ഇക്കുറി 10.80 സെക്കന്റിൽ ഓടിയെത്തി തുടർച്ചയായ രണ്ടാം സ്വർണം നേടി.

പാലക്കാടൻ ആധിപത്യം ആടിയുലഞ്ഞ 100 മീറ്റർ ഓട്ടത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ കാസർകോടിന്റെ നിയാസ് അഹമ്മദും ഇടുക്കിയുടെ ദേവപ്രിയയും സ്വർണം നേടി. ജൂനിയർ വിഭാഗത്തിൽ പാലക്കാടിൻ്റെ നിവേദ് കൃഷ്ണയും ആലപ്പുഴയുടെ ശ്രേയ ആറും, സീനിയർ വിഭാഗത്തിൽ എറണാകുളത്തിന്റെ അൻസ്വാഫും തിരുവനന്തപുരത്തിൻ്റെ രഹന രഘുവും സ്വർണം സ്വന്തമാക്കി. സീനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ മീറ്റ് റെക്കോർഡ് 3.43 മീറ്റർ താണ്ടി എറണാകുളം മാർ ബേസിൽ താരം ജീന ബേസിൽ സ്കൂൾ കായിക മേളയിലെ തൻ്റെ നാലാം സ്വർണം സ്വന്തമാക്കി.

മേളയുടെ നാലാം ദിവസവും തിരുവനന്തപുരം കുതിപ്പ് തുടരുകയാണ്. 38 മീറ്റ് റെക്കോർഡുകൾ പിറന്ന അക്വാട്ടിക്‌സിൽ 74 സ്വർണത്തോടെ തിരുവനന്തപുരം ഒന്നാം സ്ഥാനം നേടി. ഇതുവരെ 206 സ്വർണം ഉൾപ്പെടെ 1776 പോയിന്റോടെ തിരുവനന്തപുരം ബഹുദൂരം മുൻപിലാണ്. രണ്ടാം സ്ഥാനത്തുള്ള കണ്ണൂരിന് 708 പോയിൻ്റുകൾ മാത്രമാണ് ഉള്ളത്. അത്‌ലറ്റിക്സിൽ എട്ട് സ്വർണത്തോടെ മലപ്പുറമാണ് ഒന്നാമത്. മേളയുടെ അഞ്ചാം ദിവസമായ നാളെ 18 ഫൈനലുകളാണ് നടക്കുക.

SCROLL FOR NEXT