മുണ്ടക്കൈ - ചൂരൽ മല ദുരന്ത ബാധിതരെ പരിഗണിച്ച് സംസ്ഥാന ബജറ്റ്. വയനാടിൻ്റെ പുനരധിവാസത്തിനായി 750 കോടിയാണ് ബജറ്റിൽ നീക്കിവച്ചത്. .എം .ഡി.ആർ.എഫ്, എസ്.ഡി.എം.എ, പൊതു, സ്വകാര്യ മേഖലകളിൽനിന്നുള്ള ഫണ്ടുകൾ, സ്പോൺസർഷിപ്പുകൾ എന്നിവ ഇതിനായി വിനിയോഗിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
"2025-നെ കേരളം സ്വാഗതം ചെയ്യുന്നത് മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്കുള്ള ദുരുതാശ്വാസ പദ്ധതി പ്രഖ്യാപിച്ചുകൊണ്ടാണ്. കേരളത്തെ സങ്കട കടലിലാഴ്ത്തിയ അതിതീവ്ര ദുരന്തമാണ് ഉണ്ടായത്. ദുരന്തത്തിൽ 254 പേർക്ക് ജീവൻ നഷ്ടമായി. 44 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 207 വീടുകൾ തകരുകയും ആയിരക്കണക്കിനുപേരുടെ ഉപജീവന മാർഗം ഇല്ലാതാവുകയും ചെയ്തു. ദുരന്തം മൂലമുണ്ടായ നഷ്ടം ഏകദേശം 1202 കോടിയാണ്. പുനരധിവാസത്തിനുള്ള ചെലവ് ഏകദേശം 2221 കോടി വേണ്ടിവരുമെന്നാണ് വിദഗ്ധർ അടങ്ങിയ സംഘം വിലയിരുത്തിയിരിക്കുന്നത്. എല്ലാവരുടെയും സഹകരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പുനരധിവാസ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്. 2025-26 കേന്ദ്ര ബജറ്റിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് യാതൊരു സഹായവും അനുവദിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളോടു കാണിച്ച നീതി കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ കേരളത്തോടും പുലർത്തും എന്നുതന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. പറയുന്ന കാര്യം നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാരാണ് ഇടതുപക്ഷ സർക്കാർ. പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും" എന്നായിരുന്നു ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞത്.