NEWSROOM

ആളില്ലാത്ത സമയം വീട് ജപ്തി ചെയ്തു; സാധനങ്ങൾ പുറത്തേക്കെറിഞ്ഞു: കേരള ബാങ്കിനെതിരെ പരാതി

പരപ്പച്ചാലിലെ തൂക്കപ്പിലാവ് വീട്ടിൽ ജാനകിയുടെ വീടാണ് കേരള ബാങ്ക് ജപ്തി ചെയ്തത്

Author : ന്യൂസ് ഡെസ്ക്


കാസർഗോഡ് ആളില്ലാത്ത സമയം വീട് ജപ്തി ചെയ്തെന്ന് പരാതി. കിനാനൂര്‍ കരിന്തളം പരപ്പച്ചാലിലെ തൂക്കപ്പിലാവ് വീട്ടിൽ ജാനകിയുടെ വീടാണ് കേരള ബാങ്ക് ജപ്തി ചെയ്തത്. ജാനകിയുമായി മകൻ ആശുപത്രിയിൽ പോയപ്പോഴാണ് ബാങ്ക് അധികൃതർ എത്തി വീട് സീൽ ചെയ്തത്. വീട്ടിലുണ്ടായിരുന്ന വസ്തുക്കൾ പുറത്തേക്ക് വലിച്ചെറിഞ്ഞതായും പരാതിയുണ്ട്. വീടിൻ്റെ വരാന്തയിലാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്.

ഏതാനും വർഷങ്ങൾക്ക് മുൻപ് റബ്ബർ കൃഷിയുടെ ആവശ്യവുമായി ബന്ധപ്പെട്ടാണ് ജാനകിയുടെ മകൻ വിജേഷ് അന്നത്തെ ജില്ലാ സഹകരണ ബാങ്കിന്റെ നീലേശ്വരം ശാഖയില്‍നിന്ന് രണ്ടുലക്ഷം രൂപ വായ്പയെടുത്തത്. ആദ്യഘട്ടത്തിൽ കൃത്യമായി തിരിച്ചടച്ചെങ്കിലും വിജേഷ് തെങ്ങില്‍നിന്ന് വീണ് ചികിത്സയിലായതോടെ വായ്പയുടെ തിരിച്ചടവും മുടങ്ങി. നിലവിൽ വായ്പയും പലിശയും ചേര്‍ത്ത് നാലു ലക്ഷത്തോളം രൂപയായി.

ഇതിനിടയിൽ ജില്ലാ ബാങ്ക് കേരള ബാങ്കിന്റെ ഭാഗമായി. തന്റെയും അമ്മയുടെയും രോഗാവസ്ഥ കാണിച്ച് തിരിച്ചടവിന് സാവകാശം അനുവദിക്കണമെന്ന് അപേക്ഷിച്ചെങ്കിലും 3 ലക്ഷം രൂപ അടിയന്തരമായി അടക്കാൻ ബാങ്ക് അധികൃതര്‍ നിർദ്ദേശിച്ചു. തൊട്ടുപിന്നാലെയാണ് ഇന്നലെ വിജേഷും അമ്മയും ആശുപത്രിയിൽ പോയപ്പോൾ ബാങ്ക് ജപ്തി നോട്ടീസ് പതിപ്പിച്ചത്. വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പുറത്തു വലിച്ചിട്ട് വീട് പൂട്ടുകയായിരുന്നു. വയോധികയായ അമ്മയും ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമായി ഇനി എങ്ങോട്ടു പോകുമെന്നറിയാതെ നിസഹായനായി നിൽക്കുകയാണ് വിജേഷ്.

SCROLL FOR NEXT