ഇന്ത്യൻ സൂപ്പർ ലീഗിൽ ഹോം ഗ്രൗണ്ടിൽ ആദ്യ വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. കലൂരിലെ ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 2-1നാണ് കൊമ്പന്മാർ കുത്തിമലർത്തിയത്. മൈതാനം നിറഞ്ഞുകളിഞ്ഞ നോഹ സദൗയിയാണ് പ്ലേയർ ഓഫ് ദി മാച്ച്. ജയത്തോടെ നിർണായകമായ മൂന്ന് പോയിൻ്റുകൾ നേടാനും മൈക്കൽ സ്റ്റാഹ്‌റെയുടെ ആർമിക്കായി. ആദ്യ മത്സരത്തിൽ പ്രതിരോധ പിഴവുകളിലൂടെ പഞ്ചാബിനോട് കേരള ടീം തോൽവിയേറ്റു വാങ്ങിയിരുന്നു.
ഞായറാഴ്ച കലൂരിലെ നിറഞ്ഞുകവിഞ്ഞ മഞ്ഞക്കടലിരമ്പത്തിന് നടുവിൽ ഇരു ടീമുകളും ആക്രമണാത്മക ഫുട്ബോളാണ് പുറത്തെടുത്തത്. ആദ്യ പകുതിയിൽ കൊൽക്കത്ത ടീമിൻ്റെ ഹൈ പ്രസിംഗ് ഗെയിമിനെ ആദ്യ പകുതിയിൽ തടഞ്ഞു നിർത്താൻ യെല്ലോ ആർമിയുടെ പ്രതിരോധ നിര കാര്യമായി ബുദ്ധിമുട്ടിയിരുന്നു. ബ്ലാസ്റ്റേഴ്സ് ആക്രമണ നിരയും മികച്ച മുന്നേറ്റങ്ങൾ നടത്തി. എന്നാൽ രണ്ടാം പകുതിയിൽ ആക്രമണങ്ങൾക്ക് മൂർച്ച കൂടുന്നതാണ് കണ്ടത്.
ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചിരുന്നു. നിരവധി തുറന്ന അവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാനായില്ല. ജിമിനസിൻ്റെ തകർപ്പൻ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക്കാണ് പോയത്.
സന്ദീപ് നൽകിയ ക്രോസിൽ നിന്ന് ഓപ്പൺ ഹെഡ്ഡർ ചാൻസ് തുലച്ച് രാഹുലും നിരാശപ്പെടുത്തി. ദിമിത്രി ഡയമൻ്റക്കോസിൻ്റെ നേതൃത്വത്തിലുള്ള ഈസ്റ്റ് ബംഗാൾ മുന്നേറ്റനിരയ്ക്കും നിരവധി ഗോളവസരങ്ങൾ സൃഷ്ടിക്കാനായിരുന്നു. എങ്കിലും ഭാഗ്യം തുണച്ചില്ല.
കഴിഞ്ഞ മത്സരത്തിൽ നിന്ന് വ്യത്യസ്തമായി സ്പാനിഷ് സ്ട്രൈക്കർ ജെസ്യൂസ് ജിമിനസ് ആദ്യ ഇലവനിൽ ഇടം നേടി. പഞ്ചാബ് എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്സിൻ്റെ ഏക ഗോൾ ജെസ്യൂസിൻ്റെ ഹെഡ്ഡറിൽ നിന്നായിരുന്നു. ആദ്യ ഇലവനിൽ ജിമിനസും മൊറോക്കൻ ഫോർവേഡ് നോഹ സദൗയിയും ഒരുമിച്ചാണ് ഇറങ്ങിയത്.
59-ാം മിനുറ്റിൽ മലയാളി താരം പി.വി വിഷ്ണുവാണ് ഈസ്റ്റ് ബംഗാളിന് വേണ്ടി ആദ്യം ഗോൾ നേടിയത്. എന്നാൽ 63-ാം മിനിറ്റിൽ നോഹ സദൗയിയിലൂടെ ബ്ലാസ്റ്റേഴ്സ് സമനില ഗോൾ കണ്ടെത്തി. പകരക്കാരനായി ടീമിലെത്തിയ ഘാന സ്ട്രൈക്കർ ക്വാമെ പെപ്രയിലൂടെ 88-ാം മിനിറ്റിൽ കൊമ്പന്മാർ മുന്നിലെത്തി.
അതേസമയം, അഡ്രിയാൻ ലൂണ ഇന്നും കളിച്ചില്ല. പകരം മോണ്ടിനെഗ്രൽ പ്രതിരോധ താരം മിലോസ് ഡ്രിൻസിച് ആണ് ടീമിനെ നയിച്ചത്. ഗോൾ കീപ്പർ സച്ചിൻ സുരേഷിന് പുറമെ മലയാളികളായ വിപിൻ മോഹനനും കെ.പി. രാഹുലും ആദ്യ ഇലവനിൽ ഇടം നേടി. ബ്ലാസ്റ്റേഴ്സ് മുൻ താരം ദിമിത്രി ഡയമൻ്റക്കോസ് ഈസ്റ്റ് ബംഗാൾ നിരയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാലും നിർഭാഗ്യം കൊണ്ടാണ് ഗോൾ നേടാനാകാഞ്ഞത്.
സെപ്റ്റംബർ 27ന് എഫ്‌സി ഗോവയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം.
READ MORE: ഫുട്ബോൾ അറിയാത്തവരുടെ ജൽപ്പനങ്ങൾക്ക് മുഖം കൊടുക്കുന്നില്ല; ആരാധകരുടെ സൈബർ ആക്രമണത്തിനെതിരെ രാഹുൽ