ഐഎസ്എല്ലിൽ ജയപ്രതീക്ഷ വെച്ചുപുലർത്തി കൊണ്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. സ്വന്തം തട്ടകത്തിൽ ഹൈദരാബാദ് എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിൻ്റെ എതിരാളികൾ. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം നടക്കുക. ഐഎസ്എല്ലിൽ ഏഴ് മത്സരങ്ങളിൽ രണ്ട് തോൽവിയറിഞ്ഞതിനാൽ അടിത്തട്ടിൽ നിന്ന് തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് കൊമ്പന്മാർ ഇന്നിറങ്ങുന്നത്. സ്വന്തം കാണികൾക്ക് മുൻപിൽ പോലും ദയനീയ തോൽവിയാണ് ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ തവണ ഏറ്റുവാങ്ങിയത്. സമനിലകൾക്കപ്പുറം വിജയങ്ങളിലേക്ക് എത്താൻ ടീമിന് സാധിക്കേണ്ടിയിരിക്കുന്നു. ജയത്തിൽ കുറഞ്ഞതൊന്നും സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നില്ല.
സീസണിലെ ആദ്യത്തെ ഏഴ് മത്സരങ്ങൾ പിന്നിടുമ്പോൾ രണ്ട് വീതം ജയവും സമനിലയും മൂന്ന് തോൽവികളുമായി എട്ട് പോയിന്റുകളോടെ ലീഗിൽ പത്തം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദ് എഫ്‌സി,ആറ് മത്സരങ്ങളിൽ നിന്നും ഓരോ ജയവും സമനിലയും നാല് തോൽവിയുമായി നാല് പോയിൻ്റു കളുമായി പട്ടികയിൽ കേരളത്തിന് തൊട്ട് താഴെ പതിനൊന്നാം സ്ഥാനത്താണ്.
ALSO READ: കൗമാരക്കുതിപ്പിൽ കായിക കേരളം; സംസ്ഥാന സ്കൂള് കായികമേളയിൽ മേധാവിത്വം തുടർന്ന് തിരുവനന്തപുരം
എന്നാൽ, വലിയ അട്ടിമറികളൊന്നും അവകാശപ്പെടാനില്ലാത്ത ടീമാണ് ഹൈദരാബാദ്. ആർത്തിരമ്പുന്ന മഞ്ഞപ്പടയെ സാക്ഷിയാക്കി തോൽവികളുടെ കണ്ണീർ കഴുകികളയാമെന്ന പ്രതീക്ഷയിലാണ് കൊമ്പൻമാർ ഇറങ്ങുക. മുന്നേറ്റ താരം നോഹ സദൗയി തിരിച്ചെത്തുന്നത് ബ്ലാസ്റ്റേഴ്‌സിൻ്റെ ആക്രമണത്തിന് മൂർച്ച കൂട്ടും. എന്നാൽ സസ്‌പെൻഷനിലായ ക്വാമെ പെപ്രയുടെ അഭാവം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകും. പെപ്രയുടെ അഭാവത്തിൽ ടീമിൻ്റെ ഫോർമേഷനിലും മാറ്റംവരുത്താൻ സ്റ്റാറെ നിർബന്ധിതനാകും. മോശം ഫോമിലുള്ള സോം കുമാറിന് പകരം ഗോൾവല കാക്കാൻ സച്ചിൻ സുരേഷ് എത്തുമോയെന്നും കാത്തിരുന്നു കാണണം.
നേർക്കുനേർ പോരിൽ ഹൈദരാബാദിനെതിരെ കൊമ്പന്മാർക്കാണ് ആധിപത്യം. തോൽവികളിൽ നിന്ന് പാഠം പഠിച്ച് തിരിച്ചുവരാനാണ് ലക്ഷ്യമിടുന്നതെന്നാണ് കോച്ച് മൈക്കിൾ സ്റ്റാറേയുടെ പ്രതികരണം. ഇനിയുള്ള ഓരോ മത്സരങ്ങളിലും ജയിച്ചു കയറി ബ്ലാസ്റ്റേഴ്‌സിന് അവസാന നാലിലിടം പിടിക്കണം. സ്വന്തം തട്ടകത്തിൽ വിജയവഴിയിൽ തിരിച്ചെത്താനാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നത്.