ഫുട്ബോളിൽ ഒരു ടീമിൻ്റെ ഫിലോസഫി സെറ്റ് ചെയ്യാനും ഒത്തിണക്കം കൊണ്ടുവരാനും എത്ര പ്രഗൽഭനായ കോച്ചിനും വേണ്ടത് ആവശ്യത്തിന് സമയമാണ്. കേരള ബ്ലാസ്റ്റേഴ്സിൻ്റെ സ്വീഡിഷ് ടാക്ടീഷ്യനും മുഖ്യ കോച്ചുമായ മൈക്കിൾ സ്റ്റാറെയെ കൊണ്ടുവന്ന ശേഷം കോച്ചിന് ആവശ്യത്തിന് സമയം ലഭിച്ചുവോ? ദുബായിലെ വിദേശ പരിശീലന മത്സരങ്ങളിൽ തുടങ്ങി, കൊൽക്കത്തിയിൽ നടന്ന ഡ്യൂറൻ്റ് കപ്പിലും കളിച്ച ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്.
ഇന്ത്യൻ സാഹചര്യങ്ങളോട് ഇടപഴകാനും ടീമിന് പുത്തൻ ഊർജം പകർന്നുനൽകാനും ഒരു കോച്ചെന്ന നിലയിൽ മൈക്കിളാശാന് ഇക്കാലയളവിൽ സാധിച്ചിരിക്കുമെന്നാണ് മനസിലാക്കേണ്ടത്. എന്നാൽ ഹോം ഗ്രൗണ്ടിൽ ഉൾപ്പെടെ രണ്ട് തോൽവികളുമായി ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പോയിൻ്റ് പട്ടികയിൽ പത്താം സ്ഥാനത്ത് നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇനി ഈ സീസണിൽ എന്ത് പ്രതീക്ഷകളാണുള്ളത് എന്നതാണ് പ്രധാന ചോദ്യം.
ബ്ലാസ്റ്റേഴ്സിന് പിഴയ്ക്കുന്നതെവിടെ?
സ്റ്റാറേയുടെ പുതിയ കോച്ചിങ് ടീമും ടാക്ടീഷ്യന്മാരും വന്നിട്ടും കേരള ബ്ലാസ്റ്റേഴ്സിൻ്റെ പാളുന്ന പ്രതിരോധത്തിലെ വിള്ളൽ മുൻകാലങ്ങളിലേത് പോലെ തന്നെ അവശേഷിക്കുന്നു എന്നതാണ് നിലവിലെ യാഥാർത്ഥ്യം. ഗോൾവലയ്ക്ക് മുന്നിലെ പ്രതിരോധ കോട്ടയ്ക്ക് കരുത്തില്ലാതെ എത്ര വലിയ മുന്നേറ്റ നിര സ്വന്തമായുണ്ടെങ്കിലും കാര്യമില്ലെന്നതാണ് ഇവിടെ മാനേജ്മെൻ്റ് തിരിച്ചറിയേണ്ട കാര്യം.
ഡിഫൻഡർമാരുടേയും ഗോൾ കീപ്പറുടെയും അനാവശ്യ പിഴവുകളിലൂടെ മത്സരത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ഗോൾവഴങ്ങി സമ്മർദ്ദത്തിലേക്ക് വീഴുന്ന പതിവ് കാഴ്ച തന്നെയാണ് സ്റ്റാറേയുടെയും ടീമും ആവർത്തിക്കുന്നത് എന്നത് നിരാശാജനകമായ കാര്യമാണ്. ഗോൾ പോസ്റ്റിന് കീഴിൽ വൻ പരാജയമായ സോം കുമാറിനെ മാറ്റാനോ പകരം നോറ ഫെർണാണ്ടസിനെ പരീക്ഷിക്കാനോ ടീം തയ്യാറാകുന്നില്ലെന്നത് ദുഃഖകരമാണ്. കഴിഞ്ഞ സീസണിൽ സച്ചിൻ സുരേഷിന് പറ്റിയ പിഴവുകൾ ഇക്കുറി സോം കുമാർ ആവർത്തിക്കുന്നത് ടീമിന് ബാധ്യതയാകുകയാണ്.
പൊളിയുന്ന പ്രതിരോധ മതിൽ...
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൻ്റെ ആദ്യ പകുതി പിന്നിടുമ്പോൾ രണ്ട് ജയവും രണ്ട് സമനിലയും മൂന്ന് തോൽവിയുമടക്കം, ഏഴ് മത്സരങ്ങളിൽ നിന്ന് 10 പോയിൻ്റാണ് ബ്ലാസ്റ്റേഴ്സിൻ്റെ സമ്പാദ്യം. എന്നാൽ ഏഴ് കളികളിൽ നിന്ന് 11 ഗോളുകൾ ബ്ലാസ്റ്റേഴ്സിൻ്റെ സ്ട്രൈക്കർമാർ അടിച്ചുകൂട്ടിയപ്പോൾ 14 ഗോളുകൾ ടീം ഇതുവരെ വഴങ്ങിയിട്ടുണ്ട്. സീസണിൽ ഇതുവരെ 16 ഗോളുകൾ വഴങ്ങിയ ജംഷഡ്പൂരിന് തൊട്ടുപിന്നിലായി, രണ്ട് ഡസനിലേറെ ഗോളുകൾ വഴങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാമതാണ്.
പ്രതിഫല തർക്കത്തെ തുടർന്ന് ഗ്രീക്ക് ഗോളടിയന്ത്രം ദിമിത്രിയോസ് ഡയമൻ്റക്കോസ് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയപ്പോൾ... അതിന് ബദലായി ഗോൾ മെഷീനുകളായ നോഹ സദോയി, ജെസ്യൂസ് ജിമിനസ്, ക്വാമെ പെപ്ര എന്നിവരെ നിലനിർത്തി ആക്രമണം മെനയാനാണ് മൈക്കിളാശാൻ ശ്രമിച്ചത്. ലൂണയുടെ അഭാവത്തിലാണെങ്കിലും ഭേദപ്പെട്ട പ്രകടനം കൊമ്പന്മാർ നടത്തിയെങ്കിലും... ലൂണ തിരിച്ചെത്തിയ ശേഷം കളിച്ച രണ്ടു മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് തോറ്റെന്നത് ടീമിനെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
മൈക്കിളാശാൻ്റെ 'ലക്കി ട്രയോ'
കൈവിട്ടെന്ന കരുതുന്ന കളിയിൽ പോലും അപ്രതീക്ഷിതമായൊരു തിരിച്ചുവരവിനുള്ള പ്രാപ്തി ഇത്തവണത്തെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ സിഗ്നേച്ചറാണ്. അത് ഘാന സ്ട്രൈക്കർ ക്വാമെ പെപ്രയായാലും, മൊറോക്കൻ ഈഗിൾ നോഹ സദോയിയായാലും, സ്പാനിഷ് ഗോഡ് ജെസ്യൂസ് ജിമിനസായാലും അങ്ങനെ തന്നെ. മറ്റു സീസണുകളിൽ നിന്ന് വ്യത്യസ്തമായി തിരിച്ചടിക്കാനുള്ള പ്രഹരശേഷി മൈക്കിളാശാന് കീഴിലുള്ള ബ്ലാസ്റ്റേഴ്സിന് കൈമുതലായുണ്ട്.
ബ്ലാസ്റ്റേഴ്സ് 4-2ന് തോറ്റ മുംബൈ സിറ്റി എഫ്‌സിക്കെതിരായ എവേ മാച്ചിൽ പോലും, രണ്ടാം പകുതിയിൽ ടീം പ്രദർശിപ്പിച്ച പോരാട്ട വീര്യം ഇതിന് തെളിവാണ്. പെപ്ര ചുവപ്പു കാർഡ് വാങ്ങി പുറത്തായിരുന്നില്ലെങ്കിൽ മത്സര ഫലം മറ്റൊന്നായേനെ എന്നും ആരാധകർ ഉറച്ചുവിശ്വസിക്കുന്നുണ്ട്.
നോഹ-ജിമിനസ്-പെപ്ര മുന്നേറ്റ നിരയുടെ കാലിലാണ് ബ്ലാസ്റ്റേഴ്സിൻ്റെ ജയസാധ്യതകൾ നിലനിൽക്കുന്നുണ്ട്. എത്ര ഗോളിന് പിന്നിലായാലും എതിർ ഗോൾമുഖത്തേക്ക് ഇരച്ചെത്തി എതിർ ടീമിൻ്റെ പ്രതിരോധ കോട്ട പൊളിക്കാനുള്ള കെൽപ്പ് ഈ ത്രിമൂർത്തികൾക്കുണ്ട്. പരിക്കിന് ശേഷം ടീമിൽ തിരിച്ചെത്തിയ അഡ്രിയാൻ ലൂണയുടെ ഫോമില്ലായ്മ ഒഴിച്ചുനിർത്തിയാൽ ബ്ലാസ്റ്റേഴ്സിൻ്റെ മിഡ് ഫീൽഡും കരുത്തുറ്റതാണ്. ലൂണ കൂടി മിന്നിത്തിളങ്ങിയാൽ ഈ ടീം പച്ചപിടിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടതില്ല.
ഇത്തവണത്തെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ മത്സരങ്ങൾ കണ്ടിരുന്ന ഏതൊരാൾക്കും മറക്കാനാവാത്തൊരു മുഖമുണ്ട്, സ്പാനിഷുകാരൻ ചുള്ളൻ ചെക്കൻ ജെസ്യൂസ് ജിമിനസിൻ്റേത്. ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും ഒരു അസിസ്റ്റും നേടി ഐഎസ്എല്ലിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ആദ്യ അഞ്ചിലിടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പരിക്കിൽ നിന്ന് മോചിതനായി നോഹ കൂടി മുന്നേറ്റനിരയിലേക്ക് തിരിച്ചെത്തുന്നതോടെ ആക്രമണ നിരയുടെ കരുത്തേറും. അടുത്ത മത്സരങ്ങളിൽ ഉരുക്കിൻ്റെ കരുത്തുള്ള ഘാന സ്ട്രൈക്കർ കൂടി തിരിച്ചെത്തിയാൽ ടീമിൻ്റെ ആക്രമണത്തിന് മൂർച്ചയേറും.
കഴിഞ്ഞ കുറേ സീസണുകളിലെ ഫലം വലയിരുത്തുമ്പോൾ... ഒരറ്റത്ത് വരിഞ്ഞു മുറുക്കുമ്പോൾ മറ്റൊരറ്റത്ത് അഴിയുന്ന കയറുപോലെയാണ് കേരള ബ്ലാസ്റ്റേഴ്സ്. സ്ഥിരതയാർന്ന പ്രകടനം സീസണിൽ ഉടനീളം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പോയിൻ്റ് ടേബിളിൽ ഇനിയും താഴേക്ക് വീഴാൻ തന്നെയാണ് ഈ ടീം പോകുന്നത്. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാൻ പ്രാപ്തിയുള്ള കോച്ചിങ് സ്റ്റാഫുകളും ഉണ്ടായിട്ടും അവർ അതിന് മെനക്കെടുന്നില്ലെങ്കിൽ ലോകമെമ്പാടുമുള്ള മഞ്ഞപ്പട ഫാൻ ബേസിന് ഈ സീസണിലും നിരാശപ്പെടാനേ സമയം കാണൂ.