NEWSROOM

Kerala Blasters FC vs NorthEast United FC: ലൂണയുടെ കാര്യത്തിൽ സസ്പെൻസ്; ആദ്യ എവേ പരീക്ഷണത്തിന് സ്റ്റാറേയും പിള്ളേരും

ദിമിത്രിയോസ് ഡയമൻ്റക്കോസിൻ്റെ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയാണ് കൊച്ചിയിൽ ലൂണയുടെ പിള്ളേർ വിജയവഴിയിൽ തിരിച്ചെത്തിയത്.

Author : ന്യൂസ് ഡെസ്ക്


ഐഎസ്എല്ലിലെ രണ്ടാം ജയം തേടി മൈക്കൽ സ്റ്റാറേയും പിള്ളേരും ഇന്ന് ഗുവാഹത്തിയിൽ ആദ്യ എവേ മത്സരത്തിനിറങ്ങും. ഡ്യൂറൻ്റ് കപ്പ് ജേതാക്കളായ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ കരുത്തരായ എതിരാളികൾ. പഞ്ചാബ് എഫ്‌സിയോട് 2-1ന് തോറ്റെങ്കിലും, ദിമിത്രിയോസ് ഡയമൻ്റക്കോസിൻ്റെ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയാണ് ലൂണയുടെ പിള്ളേർ വിജയവഴിയിൽ തിരിച്ചെത്തിയത്.

കലൂരിലെ ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 2-1നാണ് കൊമ്പന്മാർ കുത്തിമലർത്തിയത്. മൈതാനം നിറഞ്ഞുകളിഞ്ഞ നോഹ സദൗയി ആയിരുന്നു പ്ലേയർ ഓഫ് ദി മാച്ച് എങ്കിലും സൂപ്പർ സബ്ബായി ഇറങ്ങിയ പെപ്രയുടെ ഗോളിൻ്റെ കരുത്തിലാണ് കേരളം കളി തിരിച്ചത്. ജയത്തോടെ നിർണായകമായ മൂന്ന് പോയിൻ്റുകൾ നേടാനും മൈക്കൽ സ്റ്റാറേയുടെ ആർമിക്കായി.

ആദ്യ രണ്ട് ഹോം മത്സരങ്ങൾക്ക് ശേഷം തുടർച്ചയായ മൂന്ന് എവേ മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കേണ്ടത്. സെപ്റ്റംബർ 29ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും, ഒക്ടോബർ 3ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഒഡിഷ എഫ്‌സിയെയും, ഒക്ടോബർ 20ന് കൊൽക്കത്തയിലെ കിഷോർ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ മൊഹമ്മദൻസിനേയും അവർ നേരിടും. തുടർന്ന് ഒക്ടോബർ 25നാണ് തിരികെ കൊച്ചിയിൽ ഹോം ഗ്രൗണ്ടിൽ ചിരവൈരികളായ ബെംഗളൂരു എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.

തുടർച്ചയായ മൂന്ന് എവേ മത്സരങ്ങൾ യൂറോപ്പിൽ പോലും സാധാരണമല്ലെന്ന് കോച്ച് മൈക്കൽ സ്റ്റാറേ ഓർമിപ്പിച്ചു. നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ നിലവിൽ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മത്സരത്തിന് മുന്നോടിയായി ഗുവാഹത്തിയിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ക്ലബ്ബിന്റെ പത്ത് വർഷത്തെ ചരിത്രത്തിലെ കിരീട വരൾച്ചക്ക് വിരാമമിട്ടാണ് ഈ വർഷത്തെ ഡ്യൂറൻഡ് കപ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നേടിയത്. വളരെയധികം പ്രതീക്ഷകളോട് കൂടിയാണ് ടീം ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എത്തുന്നത്. വളരെയധികം സംഘടിതമായ ഒരു ടീമാണ് നോർത്ത് ഈസ്റ്റ് എന്ന് സ്റ്റാറെ വ്യക്തമാക്കി.

ലൂണ ഇന്ന് കളിക്കുമോ എന്ന ചോദ്യത്തിന് നമുക്ക് കാണാമെന്ന ഒറ്റവരി മറുപടിയിൽ അദ്ദേഹം അവസാനിപ്പിച്ചു. പരുക്ക് മൂലം ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യ രണ്ട് മത്സരത്തിലും ലൂണ ഇറങ്ങിയിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്സിനെയും കിരീട നേട്ടത്തിൽ എത്തിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന്, ഒരു കിരീടം നേടാൻ എന്ത് വേണമെന്ന് തന്റെ മുൻകാല അനുഭവത്തിലൂടെ അറിയാമെന്നും, അതിനായാണ് താൻ ഇവിടെ എത്തിയതെന്നും കോച്ച് വ്യക്തമാക്കി.

SCROLL FOR NEXT