NEWSROOM

നാലാം തോൽവിയും ഏറ്റുവാങ്ങി മഞ്ഞപ്പട; ഹൈദരാബാദിന്റെ ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

എട്ട്‌ കളിയിൽ എട്ട്‌ പോയിന്റുമായി പത്താമതായാണ് ഇപ്പോൾ ബ്ലാസ്‌റ്റേഴ്‌സിൻ്റെ സ്ഥാനം

Author : ന്യൂസ് ഡെസ്ക്

ഐഎസ്‌എലിൽ ഹൈദരാബാദ്‌ എഫ്‌സിക്കെതിരെ ലീഡ്‌ നേടിയ ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ തോൽവി (1–-2). ഹെസ്യൂസ്‌ ഹിമിനെസിന്റെ തകർപ്പൻ ഗോളിൽ ലീഡ്‌ നേടിയ ബ്ലാസ്‌റ്റേഴ്‌സ്‌ തുടർന്ന്‌ മികച്ച കളി പുറത്തെടുത്തെങ്കിലും ഗോളെണ്ണം കൂട്ടാനായില്ല. ഇതിനിടെ ആന്ദ്രേ അൽബ ഇരട്ടഗോളുമായി ഹൈദരാബാദിന്‌ ജയം നൽകി. എട്ട്‌ കളിയിൽ എട്ട്‌ പോയിന്റുമായി പത്താമതായാണ് ഇപ്പോൾ ബ്ലാസ്‌റ്റേഴ്‌സിൻ്റെ സ്ഥാനം. 

ഹൈദരാബാദിനെതിരെ മാറ്റങ്ങളുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഇറങ്ങിയത്‌. പ്രതിരോധത്തിൽ പ്രീതം കോട്ടൽ പുറത്തിരുന്നു. പകരം മിലോസ്‌ ഡ്രിൻസിച്ച്‌ എത്തി. മധ്യനിരയിൽ ഡാനിഷ്‌ ഫാറൂഖുമുണ്ടായില്ല. മുഹമ്മദ്‌ അയ്‌മനാണ്‌ പകരമായെത്തിയത്‌. മുംബൈക്കെതിരെ ചുവപ്പകാർഡ്‌ കണ്ട്‌ പുറത്തായ ക്വാമി പെപ്രയ്‌ക്ക്‌ പകരം കോറു സിങ്ങുമെത്തി. ഗോൾമുഖത്ത്‌ സോംകുമാർ. പ്രതിരോധത്തിൽ നവോച്ച സിങ്‌, റുയ്‌വാ ഹോർമിപാം, സന്ദീപ്‌ സിങ്‌. മധ്യനിരയിൽ വിബിൻ മോഹനൻ, അഡ്രിയാൻ ലൂണ, അലെക്‌സാൻഡ്രെ കൊയെഫ്‌. മുന്നേറ്റത്തിൽ ഹെസ്യൂസ്‌ ഹിമിനെസ്‌ എന്നിവർ തുടർന്നു. ഹൈദരാബാദിന്റെ ഗോൾ കീപ്പർ ബിയാക്ക ജോങ്‌തി. പ്രതിരോധത്തിൽ മുഹമ്മദ്‌ റാഫി, അലെക്‌സ്‌ സജി, പരാഗ്‌ ശ്രിവാസ്‌, സ്‌റ്റീഫൻ സാപിച്ച്‌. മധ്യനിരയിൽ ആൻഡ്രെ ആൽബ, പി എ അഭിജിത്‌, ഐസക്‌. മുന്നേറ്റത്തിൽ അബ്‌ദുൾ റബീഹ്‌, അലൻ മിറാൻഡ, ചുംഗ ഹമർ.


കളിയുടെ തുടക്കത്തിൽതന്നെ സന്ദീപ്‌ സിങ്ങിന്റെ ഷോട്ട്‌ പോസ്‌റ്റിൽ തട്ടിത്തെറിച്ചു. പന്ത്രണ്ടാം മിനിറ്റിൽ ഹെസ്യൂസിന്റെ മിന്നുന്ന ഗോളിൽ ബ്ലാസ്‌റ്റേഴ്‌സ്‌ അക്കൗണ്ട്‌ തുറന്നു. വലതുവശത്ത്‌ കോറു നടത്തിയ ഒന്നാന്തരം നീക്കമായിരുന്നു ഗോളിന്‌ വഴിയൊരുക്കിയത്‌. ഹൈദരാബാദ്‌ പ്രതിരോധത്തെ ചിതറിച്ച്‌ മുന്നേറിയ കോറു ബോക്‌സിലേക്ക്‌ അടിതൊടുത്തു. ഹിമിനെസ്‌ പ്രതിരോധത്തെ കാഴ്‌ചക്കാരാക്കി ഒന്നാന്തരം ഷോട്ട്‌ പായിച്ചു. സ്‌പാനിഷുകാരന്റെ സീസണിലെ ആറാം ഗോൾ. ഇതിനിടെ ബ്ലാസ്‌റ്റേഴ്‌സിന്‌ കനത്ത തിരിച്ചടി. മികച്ച രീതിയിൽ കളിക്കുകയായിരുന്ന അയ്‌മന്‌ പരിക്കേറ്റു. മുപ്പത്തിമൂന്നാം മിനിറ്റിൽ അയ്‌മന്‌ പകരം ഫ്രെഡിയെത്തി.

തുടർന്നും മികച്ച ആക്രമണ നീക്കങ്ങൾ നടത്തി. ഹിമിനെസും ലൂണയും ഹൈദരാബാദ്‌ ഗോൾമുഖത്ത്‌ ഇരമ്പിയെത്തി. ഹൈദരാബാദ്‌ പ്രതിരോധം പിടിച്ചുനിന്നു. ഇടവേളയ്‌ക്ക്‌ പിരിയുന്നതിന്‌ തൊട്ടുമുമ്പ്‌ ആൽബയുടെ ഗോളിൽ ഹൈദരാബാദ്‌ സമനില പിടിച്ചു. ശ്രിവാസാണ്‌ അവസരമൊരുക്കിയത്‌. ഇടവേളയ്‌ക്കുശേഷം ആവേശമുയർത്തി നോഹ സദൂയ്‌ എത്തി. കൊയെഫിന്‌ പകരമായാണ്‌ സദൂയ്‌ കളത്തിലിറങ്ങിയത്‌. കോറു സിങ്ങിന്‌ പകരം രാഹുൽ കെപിയും വന്നു. കളത്തിലിറങ്ങി.


നിമിഷങ്ങൾക്കുള്ളിൽ രാഹുലിന്‌ ഒന്നാന്തരം അവസരം കിട്ടി. സദൂയ്‌ ഗോൾമുഖത്തേക്ക്‌ തൊടുത്ത തകർപ്പൻ ക്രോസിൽ രാഹുൽ തലവച്ചെങ്കിലും പുറത്തുപോയി. 70–-ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ്‌ പെനൽറ്റി വഴങ്ങി. ഹോർമിപാമിന്റെ ഹാൻഡ്‌ ബോളിനായിരുന്നു പെനൽറ്റി. ആൽബ ഇരട്ടഗോളുമായി ഹൈദരാബാദിന്‌ ലീഡും നൽകി. പിന്നാലെ ഹോർമിപാമിന്‌ പകരം പ്രീതം കോട്ടലും സന്ദീപ്‌ സിങ്ങിന്‌ പകരം മുഹമ്മദ്‌ സഹീഫുമെത്തി.  അവസാന നിമിഷങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സ്‌ ആഞ്ഞുപൊരുതി. നോഹയുടെ ക്രോസുകൾ ഗോൾമുഖത്തേക്ക്‌ പറന്നെങ്കിലും ലക്ഷ്യത്തിലേക്ക്‌ മാത്രമെത്തിയില്ല. രാഹുലിന്റെയും നോഹയുടെയും ശ്രമങ്ങൾ ഹൈദരാബാദ്‌ ഗോൾ കീപ്പർ തടഞ്ഞു. 24ന്‌ ചെന്നൈയിൻ എഫ്‌സിയുമായാണ്‌ അടുത്ത കളി. 

SCROLL FOR NEXT