പാലക്കാട് ഉപതെരഞ്ഞെടുപ്പ് എന്‍ഡിഎ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്‍റെ റോഡ് ഷോയില്‍ നിന്ന് ശോഭാ സുരേന്ദ്രൻ പക്ഷം വിട്ടു നിന്നു. ദേശീയ - സംസ്ഥാന നേതാക്കൾക്ക് പുറമെ കൗൺസിലർമാരിൽ ഒരു വിഭാഗവും വിട്ടു നിന്നത് പാര്‍ട്ടിയില്‍ ഭിന്നത തുടരുന്നതിൻ്റെ തെളിവായി.
മോയൻസ് സ്കൂളിന് മുന്നിൽ നിന്നും സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തേക്കാണ് റോഡ് ഷോ നടന്നത്. റോഡ് ഷോയുടെ മുൻനിരയിൽ നഗരസഭയിലെ ബിജെപി കൗണ്‍സിലർമാരെ അണി നിരത്താനായിരുന്നു ശ്രമം. പാലക്കാട് നഗരസഭയിൽ ബിജെപിക്ക് 28 കൗൺസിലർമാരാണുള്ളത്. ഇതിൽ പകുതിയും മാറി നിന്നത് നേതൃത്വത്തിന് തിരിച്ചടിയായി. ബിജെപിയുടെ ശക്തികേന്ദ്രമായ നഗരസഭയിൽ നിന്നുള്ള പ്രവർത്തകരുടെ എണ്ണവും കുറവായിരുന്നു. എന്നാൽ പാർട്ടിയില്‍ ഭിന്നതകളിലെന്നായിരുന്നു സ്ഥാനാര്‍ഥിയുടെ പ്രതികരണം.
ഭിന്നത പരിഹരിക്കാൻ സംസ്ഥാന നേതൃത്വം ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും, എതിർപ്പുമായി ശോഭാ സുരേന്ദ്രൻ പക്ഷം മാറി നിൽക്കുകയാണ്. ആർഎസ്എസിലും മഞ്ഞുരുകിയിട്ടില്ല. പാലക്കാട് ആദ്യ ജയം കുറിക്കാൻ കഴിയുമെന്ന് ബിജെപി നേതൃത്വം പ്രതീക്ഷിക്കുമ്പോഴാണ്, ഭിന്നത രൂക്ഷമായി തുടരുന്നത്.
ശോഭാ സുരേന്ദ്രനുമായി പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. പാലക്കാട് നഗരത്തിൽ ശോഭയ്ക്ക് വേണ്ടി ഫ്ലക്സ് ബോർഡ് ഉയർന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് ബിജെപിക്കാർ ആരും അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും സുരേന്ദ്രൻ ന്യൂസ് മലയാളം ബിഗ് ബൈ ക്രോസ് ഫയറിൽ പറഞ്ഞു.