NEWSROOM

എലപ്പുള്ളിയിലെ മദ്യനിര്‍മാണശാല: തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

എൽഡിഎഫിലെ സിപിഐയും ആർജെഡിയും മാത്രമാണ് പദ്ധതിയെ എതിർത്തത്

Author : ന്യൂസ് ഡെസ്ക്

കേരളത്തിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച് എലപ്പുള്ളിയിലെ മദ്യനിര്‍മാണശാലയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭയുടെ തീരുമാനമാണിത്. അതിൽ നിന്ന് പിന്നോട്ട് പോകാൻ ആകില്ല. ഇടതുമുന്നണിയിലെ 11 പാർട്ടികളിൽ 9 പേരും മദ്യനിർമ്മാണ കമ്പനിക്ക് അനുമതി നൽകുന്നതിൽ അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എൽഡിഎഫിലെ സിപിഐയും ആർജെഡിയും മാത്രമാണ് പദ്ധതിയെ എതിർത്തത്. പദ്ധതി നടപ്പിലാക്കുന്നതിനെതിരെ പ്രദേശവാസികളടക്കം ശക്തമായ എതിർപ്പാണ്  ഉയർത്തിക്കാട്ടിയത്. 

പ്രതിപക്ഷം അടക്കം എല്ലാവരുടെയും ആശങ്ക പരിഹരിച്ച് മാത്രമേ പദ്ധതി നടപ്പാക്കൂവെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ പ്രതികരണം. എന്നാൽ മുന്നണിയിലെ ഘടകക്ഷികൾ തന്നെ എതിർത്തിട്ടും, അതിനെ വകവയ്ക്കാതെയാണ് സർക്കാർ തീരുമാനവുമായി മുന്നോട്ട് പോകുന്നു എന്നതും ശ്രദ്ധേയമാണ്. സിപിഐയുടെ ആസ്ഥാനമായ എം.എൻ സ്മാരകത്തിലാണ് ആ ഇടതുമുന്നണിയുടെ യോഗം നടന്നത്. ആദ്യമായാണ് ഇവിടെ എൽഡിഎഫ് യോഗം ചേരുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. മൂന്നു മണിക്കൂറോളം നീണ്ട യോഗത്തിനൊടുവിലാണ് മുഖ്യമന്ത്രി തീരുമാനം പുറത്തുവിട്ടത്.



എലപ്പുള്ളി മദ്യനിർമാണ ശാലയ്ക്ക് സർക്കർ അനുമതി നൽകിയതിന് പിന്നാലെ സിപിഐ അവരുടെ മുഖപത്രത്തിൽ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മദ്യ കമ്പനി ജലം ചൂഷണം ചെയ്താൽ കൃഷിക്ക് ആവശ്യമായ ജലം ലഭിക്കില്ലെന്നും, മലമ്പുഴ ഡാമിലെ ജലം നെൽകൃഷിക്ക് വേണ്ടിയുള്ളതാണെന്നും മുഖപത്രത്തിൽ പറഞ്ഞിരുന്നു. കൃഷി തടസപ്പെടുത്തുന്ന പദ്ധതികൾ സംസ്ഥാന താൽപര്യത്തിന് നിരക്കുന്നതല്ലെന്നും അനുമതി നൽകിയത് പുനഃപരിശോധിക്കാൻ തയ്യാറാകണമെന്നും ജനയുഗം ആവശ്യപ്പെട്ടിരുന്നു. പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയ ഈ ലേഖനവും ഏറെ ചർച്ചാ വിഷയമായിരുന്നു.



ഇതിനു പിന്നാലെ ആർജെഡിയും അതൃപ്തിയുമായി രംഗത്തെത്തിയിരുന്നു. മദ്യക്കമ്പനി നിർമാണത്തിന് അനുമതി കൊടുത്തത് നിർത്തി വെയ്ക്കണമെന്നും വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യണമായിരുന്നെന്നും ആർജെഡി സെക്രട്ടറി ജനറൽ വർഗീസ് ജോർജിൻ്റെ പ്രതികരണം. ഇടതുപക്ഷ മുന്നണി അധികാരത്തിലെത്തിയാൽ ജനങ്ങളുടെ മദ്യാസക്തി കുറയ്ക്കാൻ ശ്രമിക്കുമെന്ന് അറിയിച്ചിരുന്നു. പക്ഷേ അതിൽ നിന്ന് ചെറിയ ഒരു അളവില്ലെങ്കിലും വിട്ട് വീഴ്ച വന്നതും ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.



മദ്യനിർമാണ കമ്പനിയുടെ എല്ലാവശവും പരിശോധിച്ചാണ് അനുമതി നൽകിയതെന്നും പ്ലാൻ്റിന് ആവശ്യമായ അഞ്ച് ലക്ഷം ലിറ്റർ വെള്ളം മഴവെള്ള സംഭരണിയിൽ നിന്ന് കിട്ടുമെന്നുമായിരുന്നു എക്സൈസ് മന്ത്രി എം.ബി. രാജേഷിൻ്റെ പ്രതികരണം. സർക്കാരിൻ്റെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതോടെ പദ്ധതി നടപ്പിലാക്കുന്നതിനെ സംബന്ധിട്ടുള്ള അനശ്ചിതത്വം നീങ്ങുകയാണ്.

SCROLL FOR NEXT