NEWSROOM

വിവാദങ്ങളും ഇ.പിക്കെതിരായ നടപടിയും എല്‍ഡിഎഫിന് അവമതിപ്പുണ്ടാക്കി; സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കേരള കോണ്‍ഗ്രസ് എം യോഗത്തില്‍ വിമര്‍ശനം

അന്‍വര്‍ ഉന്നയിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും കേരളാ കോണ്‍ഗ്രസ് എം വ്യക്താക്കി.

Author : ന്യൂസ് ഡെസ്ക്



ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും, കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ നീക്കിയതും എല്‍ഡിഎഫിന് അവമതിപ്പുണ്ടാക്കിയെന്ന് കേരള കോണ്‍ഗ്രസ് എം. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനം ഉയര്‍ന്നത്.

എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നടപടികളിലുള്ള അതൃപ്തി ഇടതുമുന്നണിയെ അറിയിക്കാനും യോഗത്തില്‍ ധാരണയായി. അന്‍വര്‍ ഉന്നയിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും കേരളാ കോണ്‍ഗ്രസ് എം വ്യക്താക്കി.


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ മേഖലയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നു. സിനിമാ മേഖലയിലെ സഹപ്രവര്‍ത്തകര്‍ക്കെതിരെ നടിമാര്‍ ഗുരുതര സ്വഭാവമുള്ള ആരോപണങ്ങളാണ് ഉന്നയിച്ചത്. എന്നാല്‍ ഇത്തരമൊരു റിപ്പോര്‍ട്ട് അഞ്ച് വര്‍ഷത്തോളം പൂഴ്ത്തിവെക്കുകയായിരുന്നുവെന്ന് ആരോപിച്ച് സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം രംഗത്തെത്തിയിരുന്നു.


എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് സിപിഎം നേതാവ് ഇ.പി. ജയരാജനെമാറ്റി ടി.പി. രാമകൃഷ്ണനെ നിയമിച്ചിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവം വീണ്ടും വിവാദമായതിന് പിന്നാലെയാണ് ഇപിക്കെതിരായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നടപടി. അതേസമയം സാധാരണ നടപടിയാണെന്നാണ് മന്ത്രി ജി ആര്‍ അനില്‍ ഇപിയെ മാറ്റിയതില്‍ പ്രതികരിച്ചത്.

പി.വി. അന്‍വര്‍ എഡിജിപി അജിത് കുമാര്‍, മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നാലെ വലിയ രാഷ്ട്രീയ ചര്‍ച്ചകളിലേക്കാണ് സംഭവം വഴിമാറിയത്. രണ്ട് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ എസ് പി സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങിയിരുന്നു. ഡിജിപി നേരിട്ട് അന്വേഷിച്ചാണ് എസ് പി സുജിത് ദാസിനെതിരെ നടപടി എടുത്തതെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പിന് നേരെ ഉയര്‍ന്ന ആരോപണം സര്‍ക്കാരിനെ വലിയ രീതിയില്‍ പ്രതിസന്ധിയാലാക്കിയ സാഹചര്യത്തില്‍ കൂടിയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ വിമര്‍ശനം.


SCROLL FOR NEXT