NEWSROOM

വളർന്നും പിളർന്നും 60-ാം വയസിലേക്ക്..; കേരള കോൺഗ്രസിനെ കൈവിടാതെ മലയോര നാട്

ആറ് പതിറ്റാണ്ട് പൂർത്തിയാവുന്ന കേരളാ കോൺഗ്രസ് രാഷ്ട്രീയം, മലയാള നാടിൻ്റെ രാഷ്ട്രീയ പുസ്തകത്തിൽ നിറമുള്ള അധ്യായമാണ്

Author : ന്യൂസ് ഡെസ്ക്

റബ്ബറിൻ്റെ ഊരും മലയോര മണ്ണിൻ്റെ വളക്കൂറും ജീവൻ നൽകിയ കേരളാ കോൺഗ്രസ് 60 വയസിലേക്ക്. വളർന്നും പിളർന്നും പാർട്ടി പലതായെങ്കിലും മലയോര നാട് കേരളാ കോൺഗ്രസിനെ ഇന്നും കൈവിട്ടിട്ടില്ല. ആറ് പതിറ്റാണ്ട് പൂർത്തിയാവുന്ന കേരളാ കോൺഗ്രസ് രാഷ്ട്രീയം, മലയാള നാടിൻ്റെ രാഷ്ട്രീയ പുസ്തകത്തിൽ നിറമുള്ള അധ്യായമാണ്.

1964 ഒക്ടോബർ 9ന് തിരുനക്കര മൈതാനിയിൽ നിന്നായിരുന്നു തുടക്കം. ആർ.ശങ്കർ മന്ത്രിസഭയിൽ നിന്ന് രാജി വച്ച പിടി ചാക്കോയോടുള്ള കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച്‌ 15 എംഎൽഎമാർ പാർട്ടിവിട്ട് പുതിയൊരു പാർട്ടിക്ക് രൂപം നൽകുന്നു. പുതിയ പാർട്ടിക്ക് കേരളാ കോൺഗ്രസ് എന്ന പേര് നൽകിയത് മന്നത്ത് പത്മനാഭനാണ്. ചെത്തിവിട്ട റബ്ബർ മരത്തിൻ്റെ, ചിരട്ടയിൽ പാലൂറി നിറയുന്ന പോലെയായിരുന്നു കേരളാ കോൺഗ്രസ് മലയോര മണ്ണിൽ നിറഞ്ഞത്. ഷീറ്റ് പുരയിലെ യന്ത്രത്തിൽ പാകപ്പെട്ട റബ്ബർ ഷീറ്റ് പോലെ കേരള രാഷ്ട്രീയത്തിൽ വിലയും ഗുണവുമുള്ള കക്ഷിയായി വളർന്നു. വളക്കൂറുള്ള മലയോര മണ്ണിൻ്റെ ജനകീയ പ്രശ്നങ്ങൾ പാർട്ടിയുടെ വളർച്ചയ്ക്ക് വെള്ളവും വളവുമായി.

ALSO READ: ആദ്യ ഘട്ടത്തില്‍ പുറത്തുവിടാതിരുന്നത് സ്വകാര്യതയെ ബാധിക്കുന്നതിനാലെന്ന് മന്ത്രി; നിയമസഭയില്‍ ചര്‍ച്ചയായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

കെ.എം.ജോർജ് ചെയർമാനും എൻ.ഭാസ്കരൻ നായർ, ഇ ജോൺ ജേക്കബ് എന്നിവർ വൈസ് ചെയർമാന്മാരും, മാത്തച്ചൻ കുരുവിനാക്കുന്നേൽ, ആർ.ബാലകൃഷ്ണപിള്ള, കെ.ആർ.സരസ്വതിയമ്മ എന്നിവർ സെക്രട്ടറിമാരുമായിട്ടാണ് ആദ്യ പാർട്ടി നേതൃത്വം. 1965-ലെ നിയമസഭാ തെരഞ്ഞടുപ്പിൽ 25 സീറ്റിൽ വിജയം നേടി ഉജ്വല പോരാട്ടം. അടിയന്തരാവസ്ഥക്കാലം വരെ പ്രതിപക്ഷത്തായിരുന്ന കേരള കോൺഗ്രസ്‌ 1975-ൽ അച്യുതമേനോൻ മന്ത്രിസഭയിൽ ചേർന്നതോടെയാണ്‌ പിളർപ്പുകൾക്ക് തുടക്കമാവുന്നത്. കെ.എം.മാണിയുടെ നേതൃത്വത്തിൽ 1976-ൽ പുതിയ കേരള കോൺഗ്രസ്‌ രൂപംകൊണ്ടു. കെ.എം. ജോർജിൻ്റെ നേതൃത്വത്തിൽ മറു വിഭാഗം. 1976-ൽ കെ.എം.ജോർജ്‌ അന്തരിച്ചപ്പോൾ,ആ വിഭാഗത്തിൻ്റെ നേതൃത്വം ആർ.ബാലകൃഷ്ണപിള്ള ഏറ്റെടുത്തു. ഇത്‌ പിന്നീട്‌ കേരള കോൺഗ്രസ്‌ ബി ആയി മാറി. 1979-ൽ മാണിവിഭാഗം വീണ്ടും പിളർന്ന്‌ പി.ജെ.ജോസഫിൻ്റെ നേതൃത്വത്തിൽ ജോസഫ്‌ ഗ്രൂപ്പ്‌ രൂപംകൊണ്ടു.


1984-ൽ മാണി, ജോസഫ്‌ വിഭാഗങ്ങൾ ഒന്നിക്കുന്നു. 1987-ൽ പി.ജെ ജോസഫ്‌ വീണ്ടും ഉടക്കിപിരിഞ്ഞു. 1993-ൽ മാണി ഗ്രൂപ്പ്‌ ഒരിക്കൽ കൂടി പിളർന്ന്‌ ടി.എം.ജേക്കബിൻ്റെ നേതൃത്വത്തിൽ ജേക്കബ്‌ ഗ്രൂപ്പുണ്ടായി. 2003-ൽ പി.സി.തോമസും മാണി ഗ്രൂപ്പിനെ കൈവിട്ട്‌ ഐ.എഫ്‌.ഡി.പി എന്ന പുതിയ ഗ്രൂപ്പ് രൂപീകരിച്ചു. അതേവർഷം തന്നെ പി.സി.ജോർജ്‌ ജോസഫുമായി തെറ്റി കേരള കോൺഗ്രസ് സെക്യുലറിനും രൂപംനൽകി. 2010-ൽ മാണിയും ജോസഫും ചരിത്രം തിരുത്തി വീണ്ടും ഒന്നിച്ചു. പി.സി.ജോർജും ഇവർക്കൊപ്പം ചേർന്ന്‌ പുതിയ കേരള കോൺഗ്രസ്‌ എം ശക്തമായി. 2015-ൽ പി.സി.ജോർജ്‌ വീണ്ടും തെറ്റിപ്പിരിഞ്ഞ് കേരള ജനപക്ഷം എന്ന പാർട്ടിയുണ്ടാക്കി. ഇതിനിടെ ഫ്രാൻസിസ് ജോർജിൻ്റെ നേതൃത്വത്തിൽ ജോസഫ് ഗൂപ്പ് വിട്ട് ജനാധിപത്യ കേരള കോൺഗ്രസുണ്ടാവുന്നു. കാലങ്ങൾക്ക് ശേഷം ഫ്രാൻസിസ്‌ ജോർജും പി.സി.തോമസും ജോസഫ്‌ ഗ്രൂപ്പിൽ തന്നെ മടങ്ങിയെത്തി. കെ.എം.മാണിയുടെ മരണത്തിന് ശേഷം 2019ൽ ജോസ്‌ കെ.മാണിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന്‌ പി.ജെ.ജോസഫ്‌ പുതിയ കേരള കോൺഗ്രസ്‌ പാർട്ടിയുണ്ടാക്കി. ജനപക്ഷം വിട്ട്‌ പി.സി.ജോർജ്‌ ബി.ജെ.പി പാളയത്തിലുമെത്തി.


ജോസ്‌ കെ.മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ്‌ എം, പി.ജെ.ജോസഫ്‌ നേതൃത്വം നൽകുന്ന കേരള കോൺഗ്രസ്‌ എന്നിവയാണ്‌ ഇപ്പോഴത്തെ പ്രബല വിഭാഗങ്ങൾ. കേരള കോൺഗ്രസ്‌ ബി, കേരള കോൺഗ്രസ്‌ (ജേക്കബ്‌), ജനാധിപത്യ കേരള കോൺഗ്രസ്‌, കേരള കോൺഗ്രസ്‌ സ്കറിയാ തോമസ്‌ വിഭാഗം, നാഷണലിസ്റ്റ്‌ കേരള കോൺഗ്രസ്‌, കേരള കോൺഗ്രസ്‌ ഡെമോക്രാറ്റിക്‌ എന്നിവയാണ്‌ മറ്റ് പാർട്ടികൾ.  വളരുന്തോറും പിളരും, പിളരും തോറും വളരും എന്നാണ് കേരളാ കോൺഗ്രസിനെ കെ.എം.മാണി വിശേഷിപ്പിച്ചത്. എന്നാൽ പിളർച്ചകൾ ഒരുപാട് ആയത് മൂലമാണോ  അതോ വളർച്ച മതിയെന്ന് തോന്നിയിട്ടാണോ, സമകാലിക രാഷ്ട്രീയത്തിലെ ഇന്നത്തെ സാഹചര്യത്തിൽ  കേരളാ കോൺഗ്രെസ് കിതയ്ക്കുന്നുണ്ടോ എന്ന് സംശയിച്ചാൽ തെറ്റില്ല.

SCROLL FOR NEXT