മുസ്ലീംലീഗിനും മുസ്ലീം മതരാഷ്ട്ര വാദം ഉയർത്തുന്ന സംഘടനകൾക്കുമെതിരെ നിലപാട് കർക്കശമാക്കാനുള്ള നീക്കവുമായി സിപിഎം. മുസ്ലീം സമുദായ പ്രീണന നയം സിപിഎമ്മിനുണ്ടെന്ന പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായാണിത്. അരക്ഷിതാവസ്ഥ കാരണം മുസ്ലീം ജനവിഭാഗത്തിനിടയിൽ തീവ്രവാദ രാഷ്ട്രീയവും മതരാഷ്ട്ര വാദവുമെല്ലാം വേരുറപ്പിക്കുന്ന രീതിയിലുള്ള അജണ്ട പ്രചരിപ്പിക്കുകയാണ് മുസ്ലീംലീഗ് ചെയ്യുന്നതെന്ന് ദേശാഭിമാനി ചീഫ് എഡിറ്ററും, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ പുത്തലത്ത് ദിനേശൻ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ വിമർശിക്കുന്നു.
മതവിശ്വാസികളുമായി ഐക്യവും, വർഗീയതയ്ക്കെതിരെ സമരവും എന്നതാണ് സിപിഎമ്മിൻ്റെ സമീപനമെന്നാണ് ദേശാഭിമാനിയിൽ അച്ചടിച്ചുവന്ന ലേഖനം വ്യക്തമാക്കുന്നത്. മുസ്ലീം രാഷ്ട്രവാദമടക്കം ഉയർത്തുന്ന തീവ്ര നിലപാടുള്ള സംഘടനകളുമായി മുസ്ലീംലീഗ് സഖ്യം ചേർന്നിരിക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. ഇപ്പോൾ ലീഗ് ഉയർത്തുന്ന മുദ്രാവാക്യങ്ങൾ പലതും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മതരാഷ്ട്രവാദികൾ മുന്നോട്ട് വെയ്ക്കുന്നതാണ്. കേരള വിഭജനം എന്ന മുദ്രാവാക്യം ഇത്തരം അജണ്ടയുള്ള ലീഗ് പക്ഷപാതികളിൽ നിന്നാണ് ഉയർന്നുവരുന്നതെന്ന് പുത്തലത്ത് ദിനേശൻ തുറന്നുപറയുന്നു. മതരാഷ്ട്രവാദികളുടെയും തീവ്രവാദ സമീപനം സ്വീകരിക്കുന്നവരുടെയും മുദ്രാവാക്യം ഏറ്റെടുത്ത് മുസ്ലീം ലീഗ് പ്രവർത്തിക്കുകയാണ്. ഇതിലൂടെ മുസ്ലീം സമൂഹത്തിൽ മതരാഷ്ട്രവാദം പ്രചരിപ്പിക്കുകയെന്ന ജമാഅത്തെ ഇസ്ലാമിയുടെ ദൗത്യമാണ് ലീഗ് ഏറ്റെടുക്കുന്നതെന്ന് ദേശാഭിമാനി ചീഫ് എഡിറ്റർ വിമർശിക്കുമ്പോൾ ലീഗിനോട് സിപിഎം മൃദുസമീപനം പുലർത്തില്ലെന്ന വ്യക്തമായ സന്ദേശമാണ് പുറത്തുവരുന്നത്. ജനാധിപത്യപരമായി പ്രവർത്തിക്കുന്ന മുസ്ലീം സമൂഹത്തെ മതരാഷ്ട്രവാദികളുടെ കൈകളിലേക്ക് എത്തിക്കുകയും, ഇത്തരം മതരാഷ്ട്രവാദ ആശയങ്ങളെ ചൂണ്ടിക്കാണിച്ച് സംഘപരിവാറിന് ശക്തിപ്പെടാൻ അവസരമൊരുക്കുകയും ചെയ്യുകയാണ് മുസ്ലീംലീഗ്.
രാജ്യത്ത് ബിജെപി ഉയർത്തിയ തീവ്രവർഗീയ നിലപാടുകൾ ന്യൂനപക്ഷവിഭാഗങ്ങളിൽ സൃഷ്ടിച്ച അരക്ഷിതാവസ്ഥ മുതലെടുത്താണ് മുസ്ലീം വിഭാഗത്തിനിടയിൽ തീവ്രവാദ രാഷ്ട്രീയവും മതരാഷ്ട്രവാദവുമെല്ലാം വേരുറപ്പിക്കുന്ന സ്ഥിതിയുണ്ടായതെന്നും പുത്തലത്ത് ദിനേശൻ വ്യക്തമാക്കുന്നു. ബാബറി മസ്ജിദ് തകർക്കപ്പെട്ട ശേഷമാണ് മതരാഷ്ട്രവാദത്തിൻ്റെയും, തീവ്രവർഗീയതയുടെയും ആശയങ്ങളുടെ പ്രചാരണം പൊതുവിൽ ശക്തി പ്രാപിച്ചത്. മുസ്ലീം ജനവിഭാഗത്തിൽ മതരാഷ്ട്രവാദികൾ മുന്നോട്ടുവെക്കുന്ന തെറ്റായ ചിന്താഗതികളെ ചൂണ്ടികാണിച്ചാണ് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ സംഘപരിവാർ വളരാൻ ശ്രമിക്കുന്നത്. മുസ്ലീം സമുദായത്തിനകത്ത് ഉയർന്നുവരുന്ന മതനിരപേക്ഷ ചിന്താഗതിക്കാരെ ദുർബലപ്പെടുത്തി മതരാഷ്ട്രവാദികളുമായി സഖ്യം ചേർന്ന് വർഗീയ അജണ്ട പ്രചരിപ്പിക്കുകയാണ് ലീഗ് ചെയ്യുന്നതെന്ന് പുത്തലത്ത് ദിനേശൻ ആരോപിച്ചു. മുസ്ലീം സമുദായ പ്രീണനം സിപിഎം നടത്തുന്നുവെന്ന പ്രചാരണങ്ങളുടെ മുനയൊടിക്കുകയും മുസ്ലീംലീഗിനോട് ഇനി മൃദുസമീപനമില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന ലേഖനം സിപിഎമ്മിന്റെ തിരുത്തൽ പ്രക്രിയയുടെ ഭാഗമായി കാണണം. ഭരണഘടനയും റിപ്പബ്ലിക്കും സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി സിപിഎം സ്വീകരിക്കുന്ന ന്യൂനപക്ഷ സംരക്ഷണ നിലപാടിനെ ആരെങ്കിലും തെറ്റായി മനസിലാക്കിയിട്ടുണ്ടെങ്കിൽ ആ തെറ്റിദ്ധാരണ നീക്കാൻ പാർട്ടി ശ്രമിക്കുമെന്ന സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ ലേഖനത്തിൻ്റെ തുടർച്ചയാണ് ലീഗിൻ്റെ ചുവടുമാറ്റവും, സിപിഎം നിലപാടും എന്ന പുത്തലത്ത് ദിനേശന്റെ ലേഖനം.