NEWSROOM

വിഷുവിന് മുൻപേ പെൻഷനെത്തും; ക്ഷേമ പെൻഷന്റെ ഒരു ഗഡുകൂടി അനുവദിച്ച് ധനകാര്യവകുപ്പ്

വിഷുവിന് മുമ്പ്‌ മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാൻ ധനകാര്യ മന്ത്രി നിർദേശിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

വിഷുവിന് മുൻപേ സംസ്ഥാനത്ത് ക്ഷേമ പെൻഷന്റെ ഒരു ഗഡുകൂടി അനുവദിച്ച് ധനകാര്യവകുപ്പ്. ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഏപ്രിൽ മാസത്തെ പെൻഷനാണ്‌ വിഷുവിനു മുമ്പ്‌ വിതരണം ചെയ്യുന്നത്‌. പെൻഷൻ വിതരണത്തിനായി 820 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.


അടുത്ത ആഴ്‌ച ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങുമെന്ന് ധനകാര്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിഷുവിന് മുമ്പ്‌ മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാൻ ധനകാര്യ മന്ത്രി നിർദേശിച്ചിട്ടുണ്ട്. ഇതിനായി 820 കോടി രൂപ അനുവദിച്ചതായും ധനകാര്യമന്ത്രി അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌.

26 ലക്ഷത്തിലേറെ പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിയാണ് പെന്‍ഷന്‍ കൈമാറുക. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രഡിറ്റ്‌ ചെയ്യുന്നതെന്നും ധനകാര്യ മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.

SCROLL FOR NEXT