NEWSROOM

ചരിത്രനേട്ടം; വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമത്

കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് കേരളത്തിൻ്റെ നേട്ടം പ്രഖ്യാപിച്ചത്

Author : ന്യൂസ് ഡെസ്ക്

രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ കേരളത്തിന് ഒന്നാം റാങ്ക്. ചരിത്രത്തില്‍ ആദ്യമായാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. 2022ലെ റാങ്കിംഗാണ് ഇപ്പോൾ പുറത്തുവിട്ടത്. ഇതിന് പുറമെ ഒമ്പത് മേഖലകളിലും കേരളം ഒന്നാമതെത്തി. കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് കേരളത്തിൻ്റെ ചരിത്ര നേട്ടം പ്രഖ്യാപിച്ചത്. വ്യവസായ മന്ത്രി പി. രാജീവിന് പിയൂഷ് ഗോയൽ പുരസ്കാരം സമ്മാനിച്ചു.

1800 കോടി രൂപയാണ് കേരളത്തിൽ ആഭ്യന്തര നിക്ഷേപമായി എത്തിയിട്ടുള്ളത്. ഇതുവഴി ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നൽകാനായെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. മുന്‍കാലങ്ങളില്‍ കേരളം ഫീഡ്ബാക്കില്‍ പിന്നിലായിരുന്നെങ്കിലും ഇത്തവണ മുന്നിലെത്തി. സംരംഭക സമൂഹം കേരളത്തിലുള്ള മാറ്റങ്ങള്‍ മനസിലാക്കുകയും അവര്‍ക്ക് അത് അനുഭവച്ചറിയാനായതും ഫീഡ് ബാക്കില്‍ പ്രതിഫലിച്ചു. കേരളത്തെ സംബന്ധിച്ച് ഒരു ചരിത്രനേട്ടമാണിതെന്നും പി.രാജീവ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

95 ശതമാനം മാർക്ക് ലഭിച്ച സംസ്ഥാനങ്ങളാണ് ടോപ്പ് പെർഫോർമർ പട്ടികയിൽ ഇടം നേടിയത്. ഇതിൽ 9 മേഖലകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചാണ് കേരളം റാങ്കിംഗിൽ ഒന്നാമതെത്തിയത്. ആന്ധ്രാപ്രദേശ് രണ്ടാമതും ഗുജറാത്ത് മൂന്നാമതുമെത്തി. ആന്ധ്രാപ്രദേശിന് അഞ്ചും ഗുജറാത്തിന് മൂന്നും മേഖലകളിൽ മികവ് തെളിയിക്കാനാണ് കഴിഞ്ഞത്. കഴിഞ്ഞ തവണ നടത്തിയ വ്യവസായ സൗഹൃദ റാങ്കിംഗിൽ കേരളം 28 ൽ നിന്നും 15-ാം സ്ഥാനത്തേക്ക് വലിയ മുന്നേറ്റം നടത്തിയിരുന്നു. ആ സ്ഥാനത്തു നിന്നാണ് ഇപ്പോൾ ഒന്നാം റാങ്കിലേക്ക് എത്തുന്നത്.


SCROLL FOR NEXT