NEWSROOM

മുനമ്പം വിഷയം: ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയതിനെതിരെ സര്‍ക്കാരിന്റെ അപ്പീല്‍

കമീഷനെ നിയമിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും വസ്തുതകള്‍ വിലയിരുത്താതെയാണ് സിംഗിള്‍ബെഞ്ച് ഉത്തരവെന്നും സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പറയുന്നു

Author : ന്യൂസ് ഡെസ്ക്

മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജുഡീഷ്യല്‍ കമീഷനെ നിയമിച്ച നടപടി റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാറിന്റെ അപ്പീല്‍. ഹര്‍ജി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും. വഖഫ് സ്വത്ത് സംബന്ധിച്ച തര്‍ക്കം വഖഫ് ബോര്‍ഡാണ് തീരുമാനിക്കേണ്ടതെന്നും ഈ തീരുമാനം അന്തിമമാണെന്നും ഇതിനെതിരായ ഹര്‍ജി വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കെ അന്വേഷണ കമീഷനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനം നിലനില്‍ക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.

ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കമീഷനെ നിയമിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും വസ്തുതകള്‍ വിലയിരുത്താതെയാണ് സിംഗിള്‍ബെഞ്ച് ഉത്തരവെന്നും സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പറയുന്നു.

സിംഗിള്‍ ബെഞ്ച് വിധി വന്നതിനു പിന്നാലെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വഖഫ് സംരക്ഷണ വേദിയാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പ്രസക്തമായ വസ്തുതകള്‍ പരിഗണിക്കാതെയാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാല്‍ നിയമന ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.

മുന്‍ കോടതി ഉത്തരവുകളും വിഷയ വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയിലും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത് എന്ത് അധികാരത്തിലാണെന്ന് നേരത്തെ കോടതി വാക്കാല്‍ സംശയം ഉന്നയിച്ചിരുന്നു.

മുനമ്പം ഭൂമി വിഷയത്തില്‍ വസ്തുതാന്വേഷണമാണ് നടക്കുന്നതെന്നും ഇതിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ അധികാരമുണ്ടെന്നുമാണ് സര്‍ക്കാര്‍ വാദം. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരുടെ ജുഡീഷ്യല്‍ കമ്മീഷനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം.

SCROLL FOR NEXT